ADVERTISEMENT

എലപ്പുള്ളി ∙ രണ്ടാം വിളയ്ക്കു വാളയാർ വെള്ളം ലഭിച്ചില്ല; ഉണക്കുഭീഷണിയിലായ ഒന്നരയേക്കറോളം നെൽപാടം കന്നുകാലികൾക്കു തീറ്റയാക്കി കർഷകന്റെ ‘ദുരിതക്കൊയ്ത്ത്’. എലപ്പുള്ളി മണിയേരി മടച്ചിപ്പാടം പച്ചരികുളമ്പ് സ്വദേശി ദുരൈസ്വാമിയാണു മാസങ്ങളുടെ അധ്വാനം കന്നുകാലികൾക്കു തീറ്റയാക്കിയത്. ഇതിനു സമീപത്തെ ശ്രീനിവാസൻ, പഴനിമല, അനന്തൻ എന്നിവരുടെ കൃഷിയും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തുമാണ് ഒരേക്കർ ഭൂമിയിൽ ദുരൈസ്വാമി ഉമ നെൽവിത്ത് ഉപയോഗിച്ചു കൃഷി ഇറക്കിയത്. വാളയാർ വെള്ളം കഴിഞ്ഞ മാസവും ഈ മാസം ആദ്യവും രണ്ടാം വിളയ്ക്കായി തുറന്നെങ്കിലും കാഡ കനാൽ പലയിടത്തും അടഞ്ഞതിനാലും തകർന്നതിനാലും ഇവിടേക്കു വെള്ളമെത്തിയില്ല.

കൊയ്ത്തിനു പാകമായ നെൽപാടങ്ങൾ ദിവസങ്ങൾക്കുള്ളിൽ ഉണങ്ങി നശിച്ചു തുടങ്ങി. മെഷീൻ കൊയ്ത്താണെങ്കിൽ ഒന്നര ഏക്കർ പാടം കൊയ്യാൻ 4200 രൂപയാണു ചെലവ്. തൊഴിലാളികളെ ഉപയോഗിച്ചാൽ 9000 രൂപയാണു ചെലവു വരിക. ഒരു തൊഴിലാളിക്ക് 450 രൂപ വേണം. ഇങ്ങനെ 20 തൊഴിലാളികളെ ഉപയോഗിക്കണം. ഉണങ്ങിയതിനാൽ വൈക്കോലും ലഭിക്കില്ല. ഇതോടെയാണു കർഷകൻ പാടം കന്നുകാലികൾക്കു തീറ്റയാക്കിയത്. ആദ്യം പശുക്കളെ മേച്ചു. ഇന്നലെ തമിഴ്നാട്ടിൽ നിന്നു ചെമ്മരിയാട്ടിൻ കൂട്ടമെത്തിയതോടെ പാടത്ത് എത്തിച്ചു തീറ്റിച്ചു. ഇതിനൊപ്പം പാടത്ത് ‘ആടിൻപട്ടിയിട്ട്’ ഒന്നാം വിളയ്ക്ക് ആവശ്യമായ വളക്കൂറും ലഭ്യമാക്കാനാകുമെന്നു ദുരൈസ്വാമി പ്രതീക്ഷയോടെ പറയുന്നു. സാധാരണ മാർച്ച് മാസങ്ങളിലാണ് ചെമ്മരിയാട്ടിൻ കൂട്ടം കേരളത്തിലെ മേച്ചിൽ പാടങ്ങൾ തേടിയെത്താറ്. ഇക്കുറി വേനൽ കനത്തതോടെയാണ് ഇവ നേരത്തെ എത്തിയത്.

പാടത്തെ ആടുകൾ
‘ആടിൻപട്ടി’ എന്നാൽ ആടുകൾക്കു കൂടൊരുക്കുക. ആടുകൾക്കു പാടങ്ങളിൽ കഴിയാൻ സൗകര്യമൊരുക്കുന്നതാണിത്. ഇതിലൂടെ നെൽപാടം വൃത്തിയാകും. ആട്ടിൻകാട്ടം വീണു മണ്ണിനു വളക്കൂറും ലഭിക്കും. ഇതിനാണ് മാർച്ച് മാസങ്ങളിൽ ആടുകളെ എത്തിച്ച് പാടങ്ങളിൽ മേയാൻ വിടുന്നത്. ഇതിനു കർഷകനു ചെലവില്ല. ആടു വളർത്തുന്നവർക്കും കർഷകനും ഒരുപോലെ ഉപകരിക്കുന്ന കാർഷികമേഖലയിലെ പ്രകൃതി രീതികളിലൊന്നാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com