ADVERTISEMENT

ചെർപ്പുളശ്ശേരി ∙ ഇണക്കാളകൾ പട്ടണം മുഴുവൻ തിരമാല പോലെ ഇരമ്പിയെത്തുന്ന പുത്തനാൽക്കൽ കാളവേലയ്ക്കു ക്ഷേത്ര തട്ടകമൊരുങ്ങി. എവിടെ നോക്കിയാലും കാളക്കോലങ്ങൾക്കു ചന്തം ചാർത്തുന്ന തിരക്കിലാണു കാളക്കോപ്പ് നിർമാണ ശാലകൾ. ഇണക്കാളകൾക്കു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതുമ ചാർത്തുന്നതിനു രാവും പകലും ഭേദമില്ലാതെ പണിയെടുക്കുകയാണു വള്ളുവനാട്ടിലെ കാളക്കോപ്പു നിർമാതാക്കൾ. പുത്തനാൽക്കൽ വേലയും ഇതിനു ശേഷവുമുള്ള ഉത്സവകാലവുമാണു കാളക്കോല നിർമാതാക്കളുടെ സീസൺ. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ കാളവേലയിൽ എഴുന്നള്ളിക്കുന്ന ഇണക്കാളകളോടു ഭ്രമം മൂത്ത് കാളക്കോപ്പു നിർമാണരംഗത്തേക്കു വരികയും അതിൽ ചുവടുറപ്പിക്കുകയും ചെയ്ത മുണ്ടക്കോട്ടുകുർശ്ശി ബാബുവിന്റെ നേതൃത്വത്തിൽ 30 പേരാണ് ഉത്സവ സീസണിൽ കാളകളുടെ കെട്ടുകാഴ്ചയൊരുക്കുന്നത്. 

ഈ സീസണിലും പുതുമ നിറച്ചുള്ള 6 ഇണക്കാളകളാണു പണിശാലയിൽ തയാറായിക്കൊണ്ടിരിക്കുന്നത്. രണ്ടടി മുതൽ 18 അടി വരെ വലുപ്പമുണ്ട് കാളത്തലകൾക്ക്. മുൻപു മുരിക്കിലും പാലയിലും ആണു തലകൾ തീർത്തിരുന്നതെങ്കിൽ കുറച്ചു വർഷങ്ങളായി ഫൈബർ ഉപയോഗിച്ചാണു നിർമാണം. കഴിഞ്ഞ സീസണുകളിൽ നിന്നു തികച്ചും വ്യത്യസ്തമായാണ് ഇത്തവണ പുത്തനാൽക്കൽ വേലയിലേക്ക് ഇണക്കാളകളെ ഒരുക്കുകയെന്നു ബാബു പറഞ്ഞു. മുൻ കാലങ്ങളിൽ ഓരോ വർഷവും കാളകളുടെ വലുപ്പത്തിനാണു പ്രാധാന്യം കൽപിച്ചിരുന്നതെങ്കിൽ ഇത്തവണ പുതുമയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പുത്തനാൽക്കൽ കാളവേലയിലെ ഇണക്കാളകളുടെ ചന്തവും പുതുമയും കണ്ടാണു മറ്റു ക്ഷേത്രങ്ങളിലെ ഉത്സവകമ്മിറ്റികൾ അവരുടെ ക്ഷേത്രത്തിലെ കാളവേലയ്ക്ക് ഇണക്കാളകളെ ഏൽപിക്കുന്നത്. അതു കൊണ്ടു തന്നെ എല്ലാ കാളനിർമാതാക്കളും കാളവേലയിൽ മത്സരസ്വഭാവത്തോടെയാണു പങ്കെടുക്കുക. മുളയൻകാവ്, കുലുക്കല്ലൂർ, പൊമ്പിലായ, എഴുവന്തല, കണയം, ചെർപ്പുളശ്ശേരി, വീരമംഗലം, കുറ്റിക്കോട്, കാരാട്ടുകുർശ്ശി, നടുവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ കാളക്കോലം അണിയിച്ചൊരുക്കുന്നവരും 13ന് നടക്കുന്ന പുത്തനാൽക്കൽ കാളവേലയുടെ തിരക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com