ADVERTISEMENT

തൃത്താല ∙ സ്വന്തമായി ഒരു കളിക്കളമെന്ന തൃത്താലയുടെ സ്വപ്നം ഇനിയും വിദൂരത്ത്. സ്ഥലമില്ലെന്ന കാരണത്താലാണ് സ്റ്റേഡിയം നിർമാണം മാറ്റിവയ്ക്കപ്പെടുന്നത്. മികച്ച ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്ത തൃത്താല പഞ്ചായത്തിൽ നല്ലൊരു കളിക്കളമില്ലെന്നത് കായിക പ്രേമികളെ നിരാശരാക്കുന്നു. ഫുട്ബോളിലും ബാസ്കറ്റ്ബോളിലും ക്രിക്കറ്റിലും വോളിബോളിലും ഒട്ടേറെ താരങ്ങൾ തൃത്താലയുടെ പേരിലുണ്ട്. ഫുട്ബോളിൽ ഒട്ടേറെ കളിക്കാർ തൃത്താലയുടെ പരിമിതി കടന്നു വളർന്നിട്ടുണ്ട്. ഫുട്ബോളിനു മാത്രമായി തൃത്താലയിൽ അ‍ഞ്ചോളം ക്ലബ്ബുകൾ സജീവമാണ്. എന്നിരുന്നാലും കളി പരിശീലിക്കാനും ടൂർണമെന്റുകൾ സംഘടിപ്പിക്കാനും സ്വന്തമായി ഒരു കളിക്കളമില്ലാത്തത് പ്രശ്നമാണ്. തൃത്താലയിലെ വിവിധ സ്കൂൾ ഗ്രൗണ്ടുകളിലും ഭാരതപ്പുഴയോരത്തും വയലുകളിലുമാണ് കുട്ടികൾ ഫുട്ബോളും ക്രിക്കറ്റുമെല്ലാം പരിശീലിക്കുന്നത്. 

ഫുട്ബോളിലെ കൗമാര പ്രതിഭകൾക്കു വേണ്ടി തൃത്താല ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നിരന്തരം പരിശീലനം നൽകുന്നുണ്ട്. തൃത്താല ഹൈസ്കൂൾ ഗ്രൗണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടെ സ്കൂളിലെ വിദ്യാർഥികൾക്കും പരിശീലനം നടത്തേണ്ടതിനാൽ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. എല്ലാ വർഷങ്ങളിലും ആവേശകരമായ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്ന തൃത്താലയിൽ നല്ലൊരു സ്റ്റേഡിയത്തിന്റെ അഭാവമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തൃത്താലയിൽ പൊതു കളിക്കളം നിർമിക്കുന്നതിനായി ക്ലബ്ബുകളും കായികപ്രേമികളും ജനപ്രതിനിധികളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പുതുതലമുറയ്ക്ക് ഫുട്ബോളിനോടും ക്രിക്കറ്റിനോടും വോളിബോളിനോടും മറ്റും നല്ല താൽപര്യമുണ്ട്. എന്നാൽ അത് പരിപോഷിപ്പിക്കുന്നതിന് കളിക്കളമില്ലാത്തത് വിലങ്ങുതടിയാകുന്നു. വർഷങ്ങളായി ഉന്നയിക്കുന്ന കളിക്കളമെന്ന സ്വപ്നം ഇനിയെങ്കിലും സഫലമാക്കണമെന്നാണ് തൃത്താലയുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com