ADVERTISEMENT

മുതലമട ∙ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് മുതലമടയിൽ നിന്നു മാറ്റിയതിനെതിരെ 4 മണിക്കൂറിലധികം നീണ്ട ആദിവാസി സമരത്തിനൊടുവിൽ ആഴ്ചയിൽ 3 ദിവസം വരെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറുടെ സേവനം മുതലമടയിൽ ഉറപ്പാക്കി. പഞ്ചായത്ത് പട്ടികവർഗ വകുപ്പിനു കൈമാറുന്ന സ്ഥലത്തു പുതിയ കെട്ടിടം നിർമിച്ചു വീണ്ടും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് വീണ്ടും മുതലമടയിൽ എത്തും. അതു വരെ നിലവിൽ പ്രവർത്തിച്ചിരുന്ന ഓഫിസിൽ എസ്ടി പ്രമോട്ടർമാരുടെ സേവനം ഉറപ്പാക്കാനും ധാരണയായി. രാത്രി എട്ടു മണിയോടെ മുതലമട പഞ്ചായത്തിലെത്തിയ ഓഫിസർ അജീഷ് ഭാസ്കറുമായി നടത്തിയ ചർച്ചയിലാണു പ്രശ്ന പരിഹാരമായത്. 

പറമ്പിക്കുളം ഉൾപ്പെടെ ആദിവാസി മേഖല ഏറെയുള്ള മുതലമടയിൽ പ്രവർത്തിച്ചിരുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ് പ്രത്യേക കേന്ദ്രങ്ങളുടെ താൽപര്യ പ്രകാരം കൊല്ലങ്കോട്ടേയ്ക്കു മാറ്റിയ നടപടിക്കെതിരെ പ്രതിഷേധവുമായി പറമ്പിക്കുളം, തേക്കടി ആദിവാസി ഊരുകളിൽ നിന്നെത്തിയ സ്ത്രീകൾ അടക്കമുള്ളവരും പൊതുപ്രവർത്തകരും ചേർന്നു ഇന്നലെ നാലു മണിയോടെ പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി, ഉപാധ്യക്ഷൻ എം.താജുദ്ദീൻ, സെക്രട്ടറി എം.പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി.പ്രദീപ്കുമാർ, ജാസ്മിൻ ഷെയ്ക്ക് പഞ്ചായത്ത് അംഗങ്ങാളായ സി.വിനേഷ്, നസീമ കമറുദ്ദീൻ, വി.രതീഷ്കുമാർ, ബി.മണികണ്ഠൻ, കെ.സതീഷ് എന്നിവരെ ഉപരോധിച്ചായിരുന്നു സമരത്തിനു തുടക്കം. മുതലമടയിൽ നിന്നു എസ്ടി ഓഫിസ് മാറ്റിയ നടപടി പിൻവലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

പറമ്പിക്കുളത്തെ ആദിവാസി മേഖലയിൽ നിന്നുള്ളവർക്കു മുതലമടയിൽ അവരുടെ പഞ്ചായത്ത്, വില്ലേജ് ഓഫിസ് ആവശ്യങ്ങൾക്ക് എത്തിയാൽ പട്ടികവർഗ ഓഫിസിലും പോകാം. ബാങ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.  ഇതിനു വിരുദ്ധമായി പട്ടികവർഗ ഓഫിസ് കൊല്ലങ്കോട്ടേയ്ക്കു മാറ്റിയതോടെ പഞ്ചായത്ത്, ആശുപത്രി ആവശ്യങ്ങൾക്കു മുതലമടയിലും പട്ടികവർഗ ഓഫിസ് ആവശ്യത്തിനു മാത്രമായി കൊല്ലങ്കോട്ടേയ്ക്കും വരേണ്ട സ്ഥിതിയുണ്ടെന്നും സമരക്കാർ ആരോപിച്ചു.

തേക്കടി അല്ലിമൂപ്പൻ ഊര് മൂപ്പൻ രാമൻകുട്ടി, ഉത്തമൻ, ടി.മണികണ്ഠൻ, ചന്ദ്രിക, രേഖ, ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപ്പാറ മാരിയപ്പൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ബിജോയ്, സി.വൈ.ഷെയ്ക്ക് മുസ്തഫ, വി.പി.നിജാമുദ്ദീൻ, ശെന്തിൽ ചപ്പക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗൻ ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയെങ്കിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഉറപ്പു നൽകണമെന്ന ആവശ്യത്തിലുറച്ചു നിന്നു. വർഷങ്ങളായി മുതലമടയിൽ പ്രവർത്തിച്ചിരുന്ന എസ്ടി ഓഫിസ് തിങ്കളാഴ്ച മുതലാണു കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്കു മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com