ADVERTISEMENT

വാളയാർ ∙ കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടും ചന്ദ്രാപുരം–കോഴിപ്പാറ റോഡ് നവീകരണത്തിനു നടപടിയില്ല. ഇടയ്ക്ക് ‘കണ്ണിൽ പൊടിയിട്ടു’ റോഡിൽ റീടാറിങ് നടത്തിയതല്ലാതെ നവീകരണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. റോഡ് നവീകരണത്തിനു 3 കോടി രൂപ വകയിരുത്തിയിട്ട് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്നാണ് ആക്ഷേപം. പുതുശ്ശേരി–വടകരപ്പതി പഞ്ചായത്തുകളെയും വാളയാർ–വേലന്താവളം ചെക്പോസ്റ്റിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.കഴിഞ്ഞ 10 വർഷത്തിലേറെയായി റോഡ് തകർന്നടിഞ്ഞ് കിടക്കുകയാണ്. 

പൊള്ളാച്ചി പാതയെ ബന്ധിപ്പിക്കുന്നതിനാൽ ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണു ദിനംപ്രതി ഇതിലൂടെ കടന്നു പോവുന്നത്. പൊള്ളാച്ചിയിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് എത്തുന്നതിനും ആശ്രയിക്കുന്നത് ചന്ദ്രാപുരം–കോഴിപ്പാറ റോഡാണ്. ജില്ലയിലെ വ്യവസായ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും വികസനമൊരുക്കുന്ന പ്രധാന റോഡുകളിലൊന്നായി ഇതിനെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു നവീകരണത്തിനു സർക്കാർ പദ്ധതിയൊരുക്കിയതും ഫണ്ട് വകയിരുത്തിയതും.

എന്നാൽ ശുദ്ധജല പൈപ് ലൈൻ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിന്റെ നിർമാണം നീളുകയാണ്. പുതുശ്ശേരി പഞ്ചായത്തിലെ 8, 9 വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ റോഡ്. ബജറ്റിൽ റോഡ് നവീകരണത്തിനു ഫണ്ട് വകയിരുത്തിയതോടെ പഞ്ചായത്ത് ഫണ്ട് ലഭിക്കാതായെന്ന് 9ാം വാർഡ് മെംബർ എസ്.സനൂപ് പറഞ്ഞു. നിലവിൽ റോഡ് പലയിടത്തും തകർന്നിട്ടുണ്ട്. റോഡ് നവീകരിച്ചാൽ ജില്ലയുടെ വ്യവസായ–കാർഷിക മേഖലയ്ക്കു ഗുണകരമാകും. ഒട്ടേറെ തവണ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിട്ടും പരിഗണന കിട്ടിയില്ല. ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിന് ഇറങ്ങാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com