വലിയമ്മക്കാവ് റോഡ് പണി നടത്തണം
Mail This Article
കോട്ടായി∙ വലിയമ്മക്കാവ് - അത്താണി റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു വർഷത്തിലേറെയായി റോഡിന്റെ നിർമാണം നടത്തിയിട്ട്. പുതിയതായി നിർമിച്ച റോഡിന്റെ സംരക്ഷണ ഭിത്തിയും കലുങ്കും ഒന്നാം ഘട്ടം മെറ്റൽ പാകിയതിനു ശേഷം തുടർന്നുള്ള പണികൾ നടന്നില്ല. മെറ്റൽ അടർന്ന് റോഡു മുഴുവൻ വലിയ കുഴികളാണ്. ഇരുചക്രവാഹനത്തിനു പോലും കടന്നു പോകാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നാട്ടുകാരുടെ സഹകരണത്തോടെ റോഡ് നിർമാണം നടത്തിയെങ്കിലും ഇപ്പോൾ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നു പരക്കെ പരാതിയുണ്ട്. പി.പി.സുമോദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു ഇപ്പോൾ 30 ലക്ഷം രൂപ റോഡിനു ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ ഉടനെ റോഡ് നവീകരണം നടത്താൻ നടപടി വേണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു. പാടശേഖരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒട്ടേറെ വീടുകളിലേക്കുള്ള റോഡാണ്. റോഡ് സഞ്ചാരയോഗ്യമാകുന്നതോടെ യാത്രയിൽ ഒരു കിലോമീറ്ററോളം ലാഭിക്കാൻ കഴിയും.