മെത്താംഫെറ്റമിൻ പിടികൂടിയ കേസ്: മുഖ്യ പ്രതികൾ അറസ്റ്റിൽ

Mail This Article
പുതുശ്ശേരി ∙ ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ നിന്നു 36 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. പട്ടാമ്പി കൊപ്പം മന്നേങ്കോട് സ്വദേശി അരുൺ കൃഷ്ണൻ (25), മേലേ പട്ടാമ്പി പന്തൻകുളങ്ങര സ്വദേശി ജിതിൻ (26) എന്നിവരെയാണു കസബ പൊലീസ് ബെംഗളൂരുവിൽ നിന്നു പിടികൂടിയത്.
രണ്ടാഴ്ച മുൻപു കസബ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പുതുശേരിയിൽ നടത്തിയ വാഹന പരിശോധനയിലാണു ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി, കൊല്ലം സ്വദേശിനി സുരഭി അഭിലാഷ് എന്നിവരിൽ നിന്നു 36 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചത്.
തുടരന്വേഷണത്തിലാണ് സംസ്ഥാനാന്തര ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണികളായ അരുണും ജിതിനും പിടിയിലായത്. ഇവരുടെ നിർദേശ പ്രകാരമാണ് ഷാഫിയും സുരഭിയും ലഹരി വസ്തുക്കൾ കടത്തിയതെന്നും ഈ സംഘം മുൻപും കർണാടകയിൽ നിന്നു ലഹരി വസ്തുക്കൾ കടത്തിയിരുന്നെന്നും പൊലീസ് പറയുന്നു. കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണത്തിലാണ്.
പിടിയിലായ അരുൺ കൃഷ്ണൻ വാഹന മോഷണം, എംഡിഎംഎ കേസുകളിൽ പ്രതിയാണ്. കസബ ഇൻസ്പെക്ടർ വി.വിജയരാജൻ, എസ്ഐമാരായ എച്ച്.ഹർഷാദ്, മനോജ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, എസ്.ജയപ്രകാശ്, സി.പ്രിൻസ്, എ.അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.