വൈക്കോൽ ലോറിക്കു തീ പിടിച്ചു; രക്ഷകരായി ആർആർടി
Mail This Article
അഗളി ∙ അട്ടപ്പാടി താവളം-മുള്ളി റോഡിലെ വേലംപടികയിൽ രാത്രി ടിപ്പർ ലോറിയിൽ കൊണ്ടുവരികയായിരുന്ന വൈക്കോൽ ലോഡിനു തീ പിടിച്ചു. വനം ആർആർടിയുടെ ഇടപെടലിൽ വൻ വിപത്ത് ഒഴിവായി.വ്യാഴം രാത്രി പന്ത്രണ്ടോടെയാണു സംഭവം. ആലത്തൂരിൽ നിന്നു പുതൂർ ചീരക്കടവിലെ സ്വകാര്യ കന്നുകാലി ഫാമിലേക്കു കൊണ്ടുപോവുകയായിരുന്ന വൈക്കോലാണു ടിപ്പർ ലോറിയിലുണ്ടായിരുന്നത്.
പാക്കുളം സ്വദേശി എസ്.മഹേഷിന്റേതാണു ലോറി. മഹേഷായിരുന്നു ഡ്രൈവർ. മഹേഷിന്റെ അളിയൻ താവളം സ്വദേശി വി.വിനോദ്, ഫാമിലെ ജോലിക്കാരൻ വാസു എന്നിവരും ഒപ്പമുണ്ടായിരുന്നു.വേലംപടികയ്ക്ക് അടുത്തെത്തിയപ്പോഴാണു വൈക്കോൽ ചുരുളിനു തീ പിടിച്ചത്. ഇതോടെ വാഹനം നിർത്തി. ഈ സമയത്തു കാട്ടാനയെ തുരത്താൻ പോവുകയായിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി (വനം ദ്രുതപ്രതികരണ സംഘം) അംഗങ്ങൾ രക്ഷാ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങി.
ഡ്രൈവറോടു വാഹനം മുന്നോട്ട് ഒാടിക്കാനും പുറകുഭാഗം ഉയർത്തി വൈക്കോൽ ചുരുളുകൾ റോഡിലേക്കു വീഴ്ത്താനും നിർദേശിച്ചു. ആർആർടി അംഗങ്ങളായ എസ്.സതീഷ്, എം.ഉണ്ണിക്കൃഷ്ണൻ, കെ.മാരിയപ്പൻ എന്നിവർ ലോറിയിൽ കയറി. സംഘത്തിലെ എം.പഴനി, കെ.മണികണ്ഠൻ, സ്വാമിനാഥൻ എന്നിവർ സഹായിച്ചു.
ആളുന്ന തീ വകവയ്ക്കാതെ വൈക്കോൽ ചുരുളുകൾ പുറത്തേക്കു തള്ളിയിടാനുള്ള ശ്രമത്തിനിടയിൽ സതീഷിന്റെ കയ്യിൽ നേരിയ പൊള്ളലേറ്റു. 20 മിനിറ്റോളം സാഹസികമായ രക്ഷാപ്രവർത്തനമാണ് ആർആർടി നടത്തിയത്. തീയാളുന്ന വാഹനം ഇവരുടെ നിർദേശമനുസരിച്ച് 300 മീറ്ററോളം ദൂരം മുന്നോട്ടോടിച്ച മഹേഷും വിപത്തൊഴിവാക്കാൻ സഹായിച്ചു.ഇതിനിടെ ഫാമിലെ ജീവനക്കാരും പരിസരവാസികളും വാഹനങ്ങളിൽ വെള്ളവുമായെത്തി. പുതൂർ പൊലീസും കോങ്ങാട്ടു നിന്ന് അഗ്നിരക്ഷാ സേനയുമെത്തിയാണു വനത്തിലേക്കും കൃഷിയിടങ്ങളിലേക്കും പടരാതെ തീയണച്ചത്. ആനത്താരയ്ക്കടുത്താണു വേലംപടിക.