മേൽക്കൂരയില്ലാത്ത ഒറ്റമുറിയിൽ നീതുമണിയും കൈക്കുഞ്ഞും
Mail This Article
മലമ്പുഴ ∙ ഉച്ചയ്ക്കു വെയിൽ കനക്കുമ്പോൾ ഒന്നര വയസ്സുള്ള കൈക്കുഞ്ഞുമായി നീതുമണി വീടിനു പുറത്തിറങ്ങും. പിന്നെ തണൽ തേടി ഏതെങ്കിലും മരച്ചുവട്ടിൽ ചെന്നിരിക്കും. മരക്കൊമ്പിൽ എവിടെയെങ്കിലും കുഞ്ഞിനു തൊട്ടിൽ കെട്ടും. വീടിനകത്തു വെയിൽ വീഴാത്ത സ്ഥലം ബാക്കിയില്ല. ഒരു കാറ്റു വീശിയാൽ മേൽക്കൂര പറന്നു പോകുന്ന ഒറ്റ മുറി വീട്ടിലാണ് അകമലവാരം എലവുത്താൻപാറ ആദിവാസി കോളനിയിലെ നീതു മണിയുടെയും ഒന്നര വയസ്സുള്ള കുഞ്ഞിന്റെയും ജീവിതം. കാട്ടാനയും പുലിയും വിഹരിക്കുന്ന കാട് തൊട്ടടുത്തുണ്ട്. കഴിഞ്ഞ വർഷം കാട്ടാന, മേൽക്കൂരയായി കെട്ടിയിരുന്ന ടാർപോളിൻ വലിച്ചെറിഞ്ഞു. അന്നു കുഞ്ഞിനെ നെഞ്ചോടു ചേർത്തു കട്ടിലിനു താഴെ പുലരും വരെ ഇരുന്ന ഓർമകൾ പങ്കുവയ്ക്കുമ്പോൾ നീതുമണിയുടെ കണ്ണിൽ ഇപ്പോഴുമുണ്ട് ഭയം.
മഴക്കാലത്തു വീട് ചോർന്നൊലിക്കും. മലമ്പുഴ ഡാമിൽ വെള്ളം കയറിയാൽ മുറ്റം വരെ വെള്ളമെത്തും. കാറ്റ് പലതവണ വീടിന്റെ മേൽക്കൂര കൊണ്ടുപോയിട്ടുണ്ട്. നാലു ചുവരുകൾക്കുള്ളിലാണ് അടുക്കളയും കിടപ്പുമുറിയും ശുചിമുറിയുമെല്ലാം. നീളമുള്ള കയറിൽ പഴയ മുണ്ടോ സാരിയോ വലിച്ചു കെട്ടിയാൽ ശുചിമുറിയായി. നീതുമണിയുടെ മാത്രമല്ല, ഈ കോളനിയിലെ ആറു വീടുകളുടെ അവസ്ഥയും ഇതാണ്. കൂലിപ്പണിക്കാരിയായ ഉഷയുടെ ഒറ്റമുറി വീട്ടിൽ നാലു വയസ്സുകാരി ഉൾപ്പെടെ ആറു പേരാണ്. ആ വീട്ടിൽ ഉഷയുടെ 10 വയസ്സുകാരൻ മകൻ മനു അവന്റെ പഴയ ഷർട്ടുകൾ വലിച്ചു കെട്ടി ഒരു പഠനമുറിയുണ്ടാക്കി. പക്ഷേ വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽക്കൂരയോടൊപ്പം അവന്റെ സ്വപ്നങ്ങളും പറന്നു പോയി.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒട്ടും സുരക്ഷയില്ലാതെയാണു ജീവിതം. കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഇവർ വീടിനു വേണ്ടി വർഷങ്ങളായി അലയുകയാണ്. 2019ൽ പുതുശ്ശേരി പഞ്ചായത്തിലെ എളമരംകാട്ടിൽ വീടു വയ്ക്കാൻ സംസ്ഥാന സർക്കാർ ഇവർക്ക് 25 സെന്റ് സ്ഥലം അനുവദിച്ചു. പക്ഷേ വന്യമൃഗ ശല്യം ഇതിലും രൂക്ഷമായ സ്ഥലമായിരുന്നു അതെന്ന് ഉഷ പറയുന്നു. നിറയെ പാമ്പുകൾ. നടവഴി പോലുമില്ല. ശുദ്ധജലം കിട്ടാൻ കിലോമീറ്ററുകൾ നടക്കണം. വന ഉൽപന്നങ്ങൾ ശേഖരിക്കാനും സൗകര്യമില്ല. അകമലവാരത്തു സ്ഥലം നൽകിയാൽ പട്ടിണി കൂടാതെ ജീവിക്കാനാകുമെന്ന് ഇവർ പറയുന്നു. പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.