ADVERTISEMENT

ലക്കിടി ∙ ഓട്ടോ ഇടിച്ചു റെയിൽവേ ഗേറ്റ് തകർന്നതോടെ ഒറ്റപ്പാലം– തിരുവില്വാമല റോഡിൽ 9 മണിക്കൂർ ഗതാഗതം നിലച്ചു. ഇന്നലെ പുലർച്ചെ 1.15ന് തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് അപകടമുണ്ടായത്. ഐസ്ക്രീം വിൽപന കഴിഞ്ഞു തിരിച്ചു പോകുകയായിരുന്ന  ഓട്ടോയുടെ ബ്രേക്ക് തകരാറിലായതിനു പിന്നാലെ, അതുവഴി വന്ന ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടു ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഗേറ്റ് വളഞ്ഞതോടെ തുറക്കാൻ കഴിയാതെയായി. ഗേറ്റിന്റെ അലൈൻമെന്റും തകരാറിലായ തുടർന്ന് ഗേറ്റ് കീപ്പർ സൻവർ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.

തുടർന്നു പാലക്കാട്ടു നിന്ന് ആർപിഎഫും റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി 2 മണിയോടെ തകർന്ന ഗേറ്റ് നവീകരിക്കാൻ തുടങ്ങിയെങ്കിലും  തകരാർ പരിഹരിച്ചതു രാവിലെ 10നാണ്.  ഇത്രയും സമയം ഈ റൂട്ടിൽ ഗതാഗതം നിലച്ചു. തകരാറിലായ ഗേറ്റിന്റെ വെല്‍ഡിങ് ജോലി പൂര്‍ത്തീകരിച്ചിട്ടും അലൈന്‍മെന്റ് ശരിയാക്കാന്‍ കഴിയാത്തത് യാത്രക്കാരെ വലച്ചു. റെയിൽവേ ജൂനിയർ എൻജിനീയർ അതുൽ വാസ്നികിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ബ്ലോക്ക് സ്മിത്ത് പ്രദീഷ്, സുനിൽ, ജയേഷ്, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.

പുലർച്ചെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായതോടെ വിദ്യാർഥികളും വ്യാപാരികളും അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. റെയിൽവേ ലൈനിനു താഴെ ഓവുചാലിലൂടെ സാഹസികമായി ഇരുചക്രവാഹന യാത്രക്കാർ കടന്നു പോയെങ്കിലും നൂറുകണക്കിന് ആളുകള്‍ പെരുവഴിയില്‍ കുടുങ്ങി. കാലപ്പഴക്കമുള്ള ഗേറ്റിൽ വാഹനം ഇടിക്കുന്നത് ലക്കിടിയില്‍ പതിവായി മാറുകയാണ്. മേല്‍പാലത്തിനായി നാട്ടുകാര്‍ മുറവിളി തുടരുമ്പോഴും അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു അവഗണന തുടരുകയാണ്. ചിനക്കത്തൂര്‍ പൂരോത്സവ വേളയില്‍ ഗേറ്റ് തകരാര്‍ ഭക്തരെയും ഐവര്‍മഠം പൊതു ശ്മശാനം, തിരുവില്വാമല ക്ഷേത്രത്തിലേക്കു വന്നവരെയും ഏറെ വലച്ചു.

ലക്കിടി മേൽപാലം: കാത്തിരിപ്പ് ഇനി എത്രനാൾ 
ലക്കിടി ∙ പാലക്കാട് - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ മേൽപാലത്തിനായി കാത്തിരിപ്പ് തുടർക്കഥയാകുന്നു. വാഹനമിടിച്ചു ഗേറ്റ്  തകരാറിലായതോടെ ഒറ്റപ്പാലം - തിരുവില്വാമല റൂട്ടിൽ ഇന്നലെ ഗതാഗതം നിലച്ചത് 9 മണിക്കൂറാണ്. നിത്യേന 80ൽ അധികം ട്രെയിനുകൾ കടന്നു പോകുന്ന ഗേറ്റിൽ വാഹന നിര പതിവുകാഴ്ചയാണ്. 2021 വർഷത്തെ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ നീക്കിവച്ച ലക്കിടി റെയിൽവേ മേൽപാലം പദ്ധതിയിൽ ഇതുവരെ നടന്നത് ജനപ്രതിനിധികളുടെ സന്ദർശനവും  മണ്ണുപരിശോധനയും  മാത്രം. കഴിഞ്ഞ  ബജറ്റിലാകട്ടെ പാലത്തെക്കുറിച്ച് മിണ്ടാട്ടമില്ല.

റെയിൽവേയുടെ അനുമതിക്ക് അപേക്ഷിക്കാൻ പോലും സാങ്കേതിക നടപടികൾ ഏറെയുള്ള പാലം നിർമാണ കാര്യത്തിൽ ഗൗരവമായ സമീപനം സംസ്ഥാന സർക്കാരിനില്ല. ഈ വിഷയത്തിൽ റെയിൽവേയുമായി ഔദ്യോഗികമായ ചർച്ച പോലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആക്ഷേപം നിലനിൽക്കുന്നു. ലക്കിടിയിലെ ഗേറ്റ് വർഷങ്ങൾക്കു മുൻപ് കേന്ദ്രസർക്കാർ ഡിപ്പോസിറ്റ് സ്കീമിൽ അനുവദിച്ചതാണ്. സംസ്ഥാന സർക്കാർ അഭ്യർഥന പ്രകാരം റെയിൽവേയ്ക്കു പണം കെട്ടിവച്ചതിനെത്തുടർന്നാണു റെയിൽവേ ഗേറ്റ് അനുവദിച്ചത്. ഇത്തരം സ്ഥലങ്ങളിൽ മേൽപാലം നിർമിക്കാൻ കേന്ദ്രം പണം അനുവദിക്കില്ല. പദ്ധതിയുടെ ഒരു വിഹിതം ഡിപ്പോസിറ്റായി റെയിൽവേ മന്ത്രാലയത്തിൽ സംസ്ഥാന സർക്കാർ കെട്ടിവച്ചാൽ മാത്രമേ പദ്ധതി യാഥാ‍ഥ്യമാകൂ.

പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ മേൽപാലം വേണമെന്നു ദീർഘകാലമായി ഉയരുന്ന ആവശ്യമാണ്. 2021 ലെ ബജറ്റിൽ തുക പ്രഖ്യാപിച്ച ശേഷം പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം സ്ഥലപരിശോധനയും പ്രാഥമിക പഠനവും നടത്തി. ഭാരതപ്പുഴയുമായി ചേരുന്നതിൽ മേൽപാലത്തിനു കുറഞ്ഞത് 800 മീറ്ററെങ്കിലും നീളം വേണ്ടി വരും പാലത്തിന്.  അതുകൊണ്ടുതന്നെ മറ്റു പാലങ്ങളെക്കാൾ ചെലവു കൂടുതലാകും. മണിക്കൂറിൽ നൂറുക്കണക്കിന് വാഹനങ്ങൾ കടന്ന പോകുന്ന ഈ വഴിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ മേൽപാലം മാത്രമാണ് പോംവഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com