ADVERTISEMENT

കൊല്ലങ്കോട് ∙ കതിരു വന്നിട്ടും ജലസേചനത്തിനു വെള്ളമില്ലാത്തതിനാൽ ഉണങ്ങിത്തുടങ്ങിയ നെൽക്കൃഷി ഒരു ഭാഗത്ത്. നേരത്തെ കൃഷിയിറക്കി കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ വലയുന്നവർ മറ്റൊരിടത്ത്. നെൽക്കർഷകരുടെ ദുരിതത്തിന് അറുതിയില്ല. എലവഞ്ചേരി, പല്ലശ്ശന, കൊല്ലങ്കോട്, വടവന്നൂർ, മുതലമട, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ പഞ്ചായത്തിലെ കർഷകരാണു വിളയും ഉൽപാദിപ്പിച്ച നെല്ലും സംരക്ഷിക്കാനായി നെട്ടോട്ടമോടുന്നത്. മീങ്കര, ചുള്ളിയാർ, ചിറ്റൂർപുഴ പദ്ധതി, ഗായത്രി പദ്ധതി എന്നീ ജലസേചന സംവിധാനങ്ങളെ ആശ്രയിക്കുന്ന കർഷരുടെ നെൽക്കൃഷിയിൽ ഏറെയും ഉണക്ക ഭീഷണിയിലാണ്.

ആയക്കെട്ടു പ്രദേശത്തെ നെൽക്കൃഷി ഉണങ്ങി കഴിഞ്ഞു. പല ഭാഗങ്ങളിലും പാതി ഉണക്കത്തിലാണ്. പലതരം ജലസ്രോതസ്സുകളെ ആശ്രയിച്ചു നോക്കിയിട്ടും വെള്ളമില്ലാത്തതാണു കർഷകരെ വെട്ടിലാക്കിയിരിക്കുന്നത്. പല്ലശ്ശന കണ്ണനൂർപാടം പാടശേഖര സമിതിയിലെ കർഷകനായ തൊഴുത്തുംപാറയിൽ സുരേഷ് ബാബുവിന്റെ കൃഷി ഉണങ്ങി.നിലമൊരുക്കിൽ, കളപറി, കീടനാശിനി പ്രയോഗം,  ഗായത്രി പുഴയിൽ നിന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യൽ തുടങ്ങിയവയെല്ലാം നടത്തിയിട്ടും അവസാന ഘട്ടത്തിൽ പുഴയിൽ വെള്ളമില്ലാതായതോടെ വിള സംരക്ഷിക്കാനായില്ല.

പ്രധാനമന്ത്രി ഭീമ ഫസൽ യോജനയിൽ ഇൻഷൂർ ചെയ്തിട്ടുണ്ടെങ്കിലും 2022 ലെ തുക പോലും കൊടുത്തിട്ടില്ലെന്നു കർഷകൻ പറഞ്ഞു.  നേരത്തെ വിളവിറക്കിയ കർഷകർ ഉണക്കം ബാധിക്കാതെ കൊയ്തെടുത്തെങ്കിലും നെല്ല് ഉണക്കി സൂക്ഷിക്കാൻ സൗകര്യമില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.  കുളം, കുഴൽ കിണർ എന്നിവയിൽ നിന്നു വെള്ളം പറമ്പ് ചെയ്തു വിളഞ്ഞ നെല്ല് കൊയ്തെങ്കിലും മില്ല് അനുവദിച്ചു സംഭരിക്കുന്നതു വരെ സൂക്ഷിക്കണം. ഇതിനായി പല തവണ ഉണക്കേണ്ടതായും വരും. ചെറുകിട നാമമാത്ര കർഷകരാണ് ഏറെയും എന്നതിനാൽ തന്നെ ഉണക്കി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതമാണ് എന്നതാണു പ്രധാന വെല്ലുവിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com