പട്ടിത്തറയിൽ വിദ്യാർഥി മരിച്ചത് പേവിഷബാധ മൂലം; കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തില്ല
Mail This Article
പടിഞ്ഞാറങ്ങാടി ∙ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വിദ്യാർഥി മരിച്ചതു പേ വിഷബാധ മൂലമാണെന്നു സ്ഥിരീകരണം വന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും പട്ടിത്തറ പഞ്ചായത്തും പ്രത്യേക യോഗം ചേർന്ന് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കോക്കാട് മാവിൻ ചുവട് മേഖലയിൽ ജനങ്ങളുടെ ആശങ്കമാറ്റാൻ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. കുട്ടിയുമായി കുടുതൽ അടുത്ത് ഇടപഴകിയവർക്ക് പ്രതിരോധ കുത്തിവയ്പ്പും നൽകി. പഞ്ചായത്തിലെ വളർത്തു നായ്ക്കൾക്ക് എല്ലാം പ്രതിരോധ കുത്തിവെപ്പ് ഏടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും പട്ടിത്തറ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്.
കുട്ടി പഠിച്ചിരുന്ന പറക്കുളത്തെ വിദ്യാലയത്തിൽ കപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കണ ക്ലാസ് നടത്തി. പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പട്ടിത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. സുനീർ, വെറ്റിറിനറി സർജൻ ഡോ. വിനീത് ജന പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. തിങ്കളാഴ്ചയാണ് കോക്കാട് മാവിൻചുവട് മാതംകുഴിയിൽ സൈനുദ്ദീന്റെ.യും ഷമീനയുടെയും മകൻ മുഹമ്മദ് ഹാദി (9) മരിച്ചത്. പോസ്റ്റ്മാർട്ടത്തിന് ശേഷം നടന്ന സാംപിൾ പരിശോധന ഫലത്തിലാണ് മരണ കാരണം പേ വിഷബാധയാണെന്നതിന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണം വന്നത്.
ജനുവരി 15ന് പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി, എൻജിനീയർ റേഡ് ഭാഗത്ത് വച്ച് നിരവധി പേരെ തെരുവ് നായ ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. അന്ന് കുട്ടിയെ തെരുവുനായ ഓടിക്കുകയും ഇതിനിടെ വീണ് പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ നായ കടിച്ചിട്ടില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിനാൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നുമില്ല. ജനുവരി 15 നായയുടെ കടിയേറ്റ തെക്കിനിത്തേതിൽ മൈമന (48) കുത്തിവെപ്പ് എടുത്ത ശേഷവും പേ വിഷബാധയേറ്റ് ഇൗ മാസം 15ന് മരിച്ചിരുന്നു.
തെരുവുനായ് ഭീതിയിൽ ജനം ആറുമാസത്തിനിടെ 30 പേർക്കുനേരെ ആക്രമണം
കുമരനല്ലൂർ ∙ തെരുവ് നായ്ക്കൾ ജനത്തിന്റെ ജീവന് ഭീഷണിയാകുന്നു. ഒരാഴ്ചക്കിടെ കപ്പൂർ പട്ടിത്തറ പഞ്ചായത്തുകളിൽ പൊലിഞ്ഞത് രണ്ട് ജീവൻ. താഴത്തങ്ങാടി തെക്കിനിത്തേതിൽ മൈമൂനയാണ് ആദ്യം മരിച്ചത്. അടുത്തതായി മരിച്ചതു മൂന്നാം ക്ലാസ് വിദ്യാർഥിയായ കോക്കാട് മാവിൻ ചുവട് മാതംകുഴിയിൽ മുഹമ്മദ് ഹാദിയും. കഴിഞ്ഞ ആറ് മാസത്തിനിടെ ആനക്കര കപ്പൂർ പട്ടിത്തറ പഞ്ചായത്തുകളിലായി തെരുവു നായയുടെ ആക്രമണത്തിന് ഇരയായത് 30ലധികം പേരാണ്. ഇതിൽ ചെറിയ കൂട്ടികൾ വരെയുണ്ട്. സാരമായി പരുക്കേറ്റവരും ഇക്കൂട്ടത്തിൽ ഉണ്ട്.
തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗം ത്രിതല പഞ്ചായത്തുകവുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം തെരുവുനായ്ക്കൾ വേനൽ കടുക്കുന്നതോടെ കൂടുതൽ അക്രമകാരികളാകുന്ന സാഹചര്യവും ഉണ്ട്. തെരുവു നായ്ക്കളെ വന്ധ്യംകരണം നടത്തുന്ന എബിസി സെന്റർ പട്ടാമ്പി താലൂക്കിൽ എവിടേയും നിലവിൽ ഇല്ല. ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തെരുവിൽ നിന്ന് നായക്കളെ പിടികൂടി വന്ധ്യംകരിച്ച് 3 ദിവസം കേന്ദ്രത്തിൽ പാർപ്പിച്ച് എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അവിടെ തിരിച്ച് വിടണമെന്നാണ് ചട്ടം.
ഇതും പലപ്പോഴും പ്രായോഗികമായി നടപ്പായിരുന്നില്ലെന്ന ആക്ഷേപവും ഒരു വശത്ത് നിലനൽക്കുന്നു.ഓരോ ബ്ലോക്ക് അടിസ്ഥാനത്തിലും എബിസി സെന്റർ തുടങ്ങാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഏറെ പ്രതിസന്ധി അതിനും നിലനിൽക്കുന്നുണ്ട്. നിയമ ഭേദഗതി വരെ ഇക്കാര്യത്തിൽ ഉണ്ടായാലെ അംഗീകൃത ഡോക്ടർമാർക്ക് 10ദിവസത്തെയെങ്കിലും പരിശീലനം നൽകി എബിസി സെന്ററുകളിൽ നിയമിക്കാനാകൂ. സെന്റർ പ്രവർത്തിക്കുന്ന സ്ഥലം ജനവാസമേഖലയിൽ ആയാൽ ഉണ്ടാകാനുള്ള എതിർപ്പുകളും അനുബന്ധ പ്രശ്നങ്ങളും വേറെയും നില നിൽക്കുന്നു.