ADVERTISEMENT

പാലക്കാട്∙ ഹയർ സെക്കൻഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ല. മാർച്ച് 1 മുതൽ 26 വരെയാണു പ്ലസ് വൺ പരീക്ഷ. മുൻപ് ഒറ്റത്തവണയായി നടന്നിരുന്ന അച്ചടിയും വിതരണവും രണ്ടു തവണയാകുന്നതോടെ ചെലവ് ഇരട്ടിയാകും. ആദ്യ 4 ദിവസങ്ങളിലെ ചോദ്യക്കടലാസ് മാത്രമാണ് ഇതുവരെ സ്കൂളുകളിൽ എത്തിച്ചത്. ബാക്കിയുള്ളവ പരീക്ഷയ്ക്കു മുൻപു വിതരണം ചെയ്യുമെന്നാണു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 2075 ഹയർ സെക്കൻഡറി സ്കൂളുകളിലും വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യക്കടലാസ് എത്തിക്കണം. ഗൾഫ് മേഖലകളിലെ സ്കൂളുകളിലെ ചോദ്യക്കടലാസ് എംബസി മുഖേനയാണു വിതരണം ചെയ്യുന്നത്. വിദേശങ്ങളിൽ ഉൾപ്പെടെ ചോദ്യക്കടലാസ് എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. വിതരണത്തിനു സുരക്ഷ ഒരുക്കാനുള്ള ചെലവും വകുപ്പു വഹിക്കണം. 

എന്തുകൊണ്ടു സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അധികച്ചെലവിനു തുക എങ്ങനെ കണ്ടെത്തുമെന്നും വകുപ്പ് വ്യക്തമാക്കിയില്ല. കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്ക്കു പ്രൈവറ്റ് വിദ്യാർഥികൾക്കു വേണ്ടി അനാവശ്യമായി ഇരട്ടിയിലധികം ചോദ്യക്കടലാസ് അച്ചടിച്ചതു വിവാദമായിരുന്നു. പരീക്ഷ നടത്താൻ പ്ലസ് വൺ വിദ്യാർഥികളിൽ നിന്ന് 240 രൂപയും പ്ലസ് ടു വിദ്യാർഥികളിൽ നിന്ന് 270 രൂപയും വിദ്യാഭ്യാസ വകുപ്പ് എല്ലാ വർഷവും വാങ്ങുന്നുണ്ട്. സംസ്ഥാനത്തെ ഒൻപതര ലക്ഷത്തോളം വിദ്യാർഥികൾ പണം അടച്ചിട്ടുണ്ട്. 

കുട്ടികൾ ഫീസ് അടയ്ക്കാൻ താമസിച്ചാൽ ഇരട്ടിയിലധികം തുക പിഴ ഇനത്തിൽ ഈടാക്കുന്നുമുണ്ട്. എന്നിട്ടും പരീക്ഷാ നടത്തിപ്പിനുള്ള തുക സ്കൂളുകൾക്കു കൃത്യമായി നൽകുന്നില്ല. കഴിഞ്ഞ വർഷം പരീക്ഷ നടത്തിയതിന്റെ തുക പോലും കിട്ടാത്ത സ്കൂളുകളും സംസ്ഥാനത്തുണ്ട്.കഴിഞ്ഞ വർഷം മൂല്യനിർണയം നടത്തിയ അധ്യാപകർക്കുള്ള പ്രതിഫലം വിദ്യാഭ്യാസ വകുപ്പ് ഇനിയും നൽകിയിട്ടില്ല. സാമ്പത്തിക ബാധ്യത കൊണ്ടു നട്ടം തിരിയുന്നതിന്റെ ഇടയിലാണു വിദ്യാഭ്യാസ വകുപ്പ് അനാവശ്യമായി  ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com