ADVERTISEMENT

പാലക്കാട്∙ കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ എ.വിജയരാഘവൻ പറഞ്ഞു.സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയതായിരുന്നു അദ്ദേഹം. പാർലമെന്റിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാൻ യുഡിഎഫ് എംപിമാർക്കു കഴിഞ്ഞിട്ടില്ല. 5 വർഷത്തെ പാലക്കാട് എംപിയുടെ നിഷ്‌ക്രിയത്വം ജനങ്ങൾക്കു ബോധ്യമുണ്ട്. ഇന്ത്യൻ പാർലമെന്ററി സംവിധാനം അപകടത്തിലായ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പു നടക്കുന്നത്. ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നില്ല. രാജ്യം കാത്തുസൂക്ഷിച്ച മൂല്യങ്ങൾ നിലനിർത്താൻ കൂടിയുള്ളതാണ്‌ ഈ തിരഞ്ഞെടുപ്പ്‌.

കർഷകവിരുദ്ധ നിലപാടുകൾ ഇത്രയേറെ നടപ്പാക്കിയ കേന്ദ്രസർക്കാർ ഇതിനുമുൻപ് ഉണ്ടായിട്ടില്ല. രാജ്യം കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ കർഷകപ്രക്ഷോഭം നടന്നതു മോദിയുടെ ഭരണകാലത്താണ്‌. ന്യൂനപക്ഷങ്ങളെ പൊതുധാരയിൽനിന്ന്‌ അകറ്റാനുള്ള നിയമനിർമാണങ്ങൾ പോലും നടക്കുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അടക്കമുള്ളവ ഇല്ലാതാക്കാനുള്ള നീക്കമാണു കേന്ദ്രത്തിന്റേത്‌. കേന്ദ്രസർക്കാർ അവഗണനയുടെ ഫലമാണു പെൻഷൻ കാര്യത്തിലും സംഭവിച്ചത്‌. എന്തു പ്രയാസമുണ്ടായാലും എൽഡിഎഫ്‌ സർക്കാർ പെൻഷൻ മുടക്കില്ല. എൽഡിഎഫ് സർക്കാർ സാധാരണക്കാർക്കു നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കും. ഇന്ത്യയിൽ കർഷകർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതു കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലാണ് ഏറ്റവും വലിയ സംഭരണ വില നൽകുന്നത്.

പാലക്കാട് എൽഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സിപിഎം ഓഫിസിലെത്തിയ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ.കൃഷ്ണദാസ്, കെ.എസ്.സലീഖ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും എ.വിജയരാഘവൻ സന്ദർശനം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി, എഐടിയുസി സംസ്ഥാന സെക്രട്ടറി സി.കെ.ജയപാലൻ, സംസ്ഥാന കൗൺസിൽ അംഗം സുമലത മോഹൻദാസ് തുടങ്ങിയവർ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com