ആലത്തൂർ പിടിക്കാൻ കെ.രാധാകൃഷ്ണൻ; ആവേശത്തോടെ സ്വീകരണം
Mail This Article
ചിറ്റൂർ ∙ പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലെത്തിയ സ്ഥാനാർഥി മന്ത്രി കെ.രാധാകൃഷ്ണനെ സംസാരിക്കാൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു ക്ഷണിച്ചു. പക്ഷേ, രാധാകൃഷ്ണൻ പറഞ്ഞു–ചിറ്റൂരിൽ ആദ്യം സംസാരിക്കേണ്ടതു കൃഷ്ണൻകുട്ടിയേട്ടനാണ്. ഘടകകക്ഷിയായ ജനതാദൾ (എസ്) പാർട്ടിയുടെ മന്ത്രിയും സ്ഥലം എംഎൽഎയുമായ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് അതുകേട്ടപ്പോൾ സന്തോഷം. ഒത്തൊരുമിച്ച് ഇത്തവണ ആലത്തൂർ തിരിച്ചുപിടിക്കുമെന്നു കൃഷ്ണൻകുട്ടി പറഞ്ഞു.
ദേശീയതലത്തിൽ ഇടതുപക്ഷ വിജയത്തിന്റെ പ്രാധാന്യം രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു കെ.രാധാകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിനു ലോക്സഭയിൽ ശക്തിയുണ്ടായിരുന്നെങ്കിൽ ബിജെപി ഭരണകാലത്ത് ഇത്രമാത്രം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളുണ്ടാകുമായിരുന്നില്ലെന്നു ജനം വിശ്വസിക്കുന്നു. കഴിഞ്ഞ തവണ ആലത്തൂർ നഷ്ടമായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം വലിയ വിജയം നേടി. വ്യക്തികൾ തമ്മിലുള്ള മത്സരമായി ഈ തിരഞ്ഞെടുപ്പിനെ കാണരുതെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
ചിറ്റൂരിലെത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യം വിളിയോടെ ചുവന്ന ഹാരം അണിയിച്ചു സ്വീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, ഏരിയ സെക്രട്ടറി ആർ.ശിവപ്രകാശ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ എം.സതീഷ്, എസ്.അനിഷ, പി.ബാലഗംഗാധരൻ, നഗരസഭാധ്യക്ഷ കെ.എൽ. കവിത, ഇ.എൻ.രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എച്ച്.ജെയിൻ, വി.ബിനു, വി.ശാന്തകുമാർ, എൻ.എം.അരുൺപ്രസാദ്, എ.വിനോദ്, ഡിവൈഎഫ്ഐ ഭാരവാഹികളായ പി.ദിനനാഥ്, ആർ.അച്യുതാനന്ദമേനോൻ എന്നിവർ നേതൃത്വം നൽകി.