ADVERTISEMENT

പാലക്കാട് ∙ പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഇന്ന്. ജില്ലയി‍ൽ 5 വയസ്സിനു താഴെയുള്ള 2.07 ലക്ഷം കുട്ടികൾക്കാണു തുള്ളി മരുന്നു നൽകേണ്ടത്. ഇതിനായി 2499 ബൂത്തുകൾ തയാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണു ബൂത്തുകൾ വഴി കുഞ്ഞുങ്ങൾക്കു തുള്ളി മരുന്നു ലഭ്യമാക്കുക. ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന സമയത്തെത്തിയാൽ തിരക്കൊഴിവാക്കാം.

സ്കൂൾ, അങ്കണവാടി, വായനശാല, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണു തുള്ളിമരുന്നു ബൂത്തുകൾ സജ്ജമാക്കുക. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആദിവാസി ഊരുകൾ, അതിഥിത്തൊഴിലാളി ക്യാംപുകളിൽ എന്നിവിടങ്ങളിലും പ്രത്യേക സൗകര്യമൊരുക്കും. ഇന്നു പോളിയോ തുള്ളിമരുന്ന് എടുക്കാനാകാത്ത കുട്ടികൾക്കായി ആരോഗ്യപ്രവർത്തകർ നാളെയും അഞ്ചിനുമായി വീടുകളിലെത്തി മരുന്നു നൽകും. 

ഇന്ത്യയിൽ ഇല്ല: വിദേശത്ത് നിന്നെത്താം 
കേരളത്തിൽ 2000നു ശേഷവും രാജ്യത്ത് 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014ൽ മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അതുവഴിയുള്ള രോഗസാധ്യത ഒഴിവാക്കാനാണ് ഇന്ത്യയിൽ പോളിയോ തുള്ളിമരുന്നു വിതരണം ശക്തമായി തുടരുന്നത്. തുടർച്ചയായുള്ള ഈ പ്രതിരോധ യജ്ഞം വഴിയാണ് ഇന്ത്യ പോളിയോ മുക്ത രാജ്യമായി തുടരുന്നതും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ രാജ്യങ്ങളിലാണു പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർ‍ട്ട് പ്രകാരം ആരോഗ്യ വകുപ്പു പറയുന്നു. ഈ രാജ്യങ്ങളുമായുള്ള യാത്രാബന്ധത്തിലൂടെ പോളിയോ രോഗം ഇന്ത്യയിലും എത്തിപ്പെടാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com