ADVERTISEMENT

പാലക്കാട് ∙ കടുത്ത ചൂടിൽ കാട്ടിൽ നിന്നിറങ്ങി വെള്ളം കുടിക്കാനെത്തി ചെളിയിൽ താഴ്ന്ന കാട്ടാനക്കുട്ടിയെ വനംവകുപ്പു ജീവനക്കാർ ഒരു മണിക്കൂർ നീണ്ട അധ്വാനത്തിലൂടെ രക്ഷപ്പെടുത്തി. മലമ്പുഴ അണക്കെട്ടിന്റെ കവ ഭാഗത്തെ ചതുപ്പിലാണ് ആനക്കുട്ടി കുടുങ്ങിയത്. പുലർച്ചെയേ‍ാടെ ചെളിയിൽ താഴ്ന്നിരിക്കാമെന്നാണു വനംവകുപ്പു ജീവനക്കാരുടെ നിഗമനം. 

വിവരമറിഞ്ഞു സ്ഥലത്തെത്തിയ വാളയാർ റേഞ്ചിനു കീഴിലെ കൊട്ടേക്കാട് എലിഫന്റ് സ്ക്വാഡാണ് ആനയെ കരയ്ക്കെത്തിച്ചത്. വെള്ളം കുടിക്കാനെത്തിയ ഏഴംഗ കാട്ടാനക്കൂട്ടത്തിലാണ് കുട്ടിക്കൊമ്പൻ ഉണ്ടായിരുന്നത്. കൂടെയുള്ളവയെല്ലാം കരകയറിയെങ്കിലും ആനക്കുട്ടിക്കു ചെളിയിൽ നിന്നു കയറാനായില്ല. രാവിലെ മീൻ പിടിക്കാനെത്തിയവരാണു വനംവകുപ്പിനെ വിവരമറിയിച്ചത്. 

മലമ്പുഴ കവയിൽ അണക്കെട്ടിൽ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പുതഞ്ഞുപോയ ആനക്കുട്ടി രക്ഷപ്പെട്ടു കാട്ടിലേക്കോടുന്നു (വിഡിയോ ദൃശ്യം).
മലമ്പുഴ കവയിൽ അണക്കെട്ടിൽ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പുതഞ്ഞുപോയ ആനക്കുട്ടി രക്ഷപ്പെട്ടു കാട്ടിലേക്കോടുന്നു (വിഡിയോ ദൃശ്യം).

എട്ടു മണിയോടെ സ്ഥലത്തെത്തിയ സംഘം ചതുപ്പിനുമേൽ ഓലമടൽ നിരത്തി വഴിയെ‍ാരുക്കിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ആനകൾ കുറച്ചകലെ നിലയുറപ്പിച്ചിരുന്നു. ഡിഎഫ്ഒ ജോസഫ് തോമസിന്റെ മേൽനേ‍ാട്ടത്തിൽ വാളയാർ റേഞ്ച് ഓഫിസർ എസ്.മുഹമ്മദലി ജിന്ന രക്ഷാനടപടികൾക്കു നേതൃത്വം നൽകി. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡേവിഡ് ഏബ്രഹാമും സ്ഥലത്തെത്തിയിരുന്നു. കുട്ടിക്കെ‍ാപ്പം പിന്നീട് കാട്ടാനക്കൂട്ടം കാടു കയറിയെങ്കിലും കുട്ടിയാനയുടെ ആരോഗ്യം വാച്ചർമാർ നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആനയ്ക്കു പ്രശ്നങ്ങളില്ലെന്നു വാളയാർ റേഞ്ച് ഓഫിസർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com