ADVERTISEMENT

പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയെ പരീക്ഷയെഴുതിക്കാത്ത സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനു വീഴ്ച പറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ (ഡിഡിഇ) പ്രാഥമികാന്വേഷണ റിപ്പോർട്ട്. ലളിതമായി പരിഹരിക്കേണ്ട വിഷയത്തിൽ പ്രിൻസിപ്പൽ ഗൗരവത്തേ‍ാടെ ഇടപെട്ടില്ല. കുട്ടിയേ‍ാട് ‘സേ’ പരീക്ഷയെഴുതാൻ പ്രിൻസിപ്പൽ പറഞ്ഞതു വിദ്യാർഥിയെ മാനസികമായി തളർത്തിയെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ പറയുന്നതായാണു സൂചന.  

സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശത്തിലാണു ഡിഡിയുടെ നടപടി. 100% വിജയത്തിനായി കുട്ടിയെ മാറ്റിനിർത്തിയത് അംഗീകരിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ ചീഫ്, ഡപ്യൂട്ടി ചീഫ് എക്സാമിനർമാരെ നിയമിക്കുന്നതു വിദ്യാഭ്യാസവകുപ്പാണ്. പരീക്ഷാകാര്യങ്ങളിൽ ഇടപെടാൻ പ്രിൻസിപ്പലിന് അവകാശമില്ല.

കുട്ടിക്കു ഹാൾ ടിക്കറ്റ് നൽകാതിരുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞിരുന്നില്ല. ഈ സ്കൂളിന് എൻഒസി നൽകുന്നത് വിദ്യാഭ്യാസ വകുപ്പാണെന്ന് മാനേജ്മെന്റ് ഓർക്കണം. സേ പരീക്ഷ എഴുതാൻ വിദ്യാർഥിക്കു സൗകര്യമൊരുക്കി അധ്യയനവർഷം നഷ്ടപ്പെടാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.

ഫിസിക്സ് പരീക്ഷ എഴുതാൻ കുട്ടിക്കു താൽപര്യമില്ലെന്നു രക്ഷിതാക്കൾ അറിയിച്ചുവെന്നാണു പ്രിൻസിപ്പലിന്റെ വിശദീകരണം. കുട്ടിയുടെ അമ്മ എഴുതിത്തന്ന കത്തിന്റെ അടിസ്ഥാനത്തിലാണു പരീക്ഷയെഴുതിക്കാതിരിക്കുന്നത്. അങ്ങനെയൊരു കത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നിഷേധിക്കാനാകില്ലെന്നു രക്ഷിതാവിനോട് അപ്പോൾ പറയാൻ കഴിഞ്ഞില്ല എന്നും കുട്ടിക്ക് ഇനിയും പരീക്ഷയെഴുതാൻ അവസരമുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. 

അതേസമയം, കഴിഞ്ഞ വർഷം സ്കൂളിൽ നിന്നു സമാന അനുഭവമുണ്ടായതായി മറ്റൊരു വിദ്യാർഥി വെളിപ്പെടുത്തി. ഇതേ പ്രിൻസിപ്പൽ സേ എഴുതിച്ചതായാണ് ആരോപണം. ഹയർ സെക്കൻഡറി മേഖലാ ഡയറക്ടറാണു വിഷയത്തിൽ വിശദാന്വേഷണം നടത്തുക. ആരേ‍ാപണത്തിൽ റെയിൽവേ പാലക്കാട് ഡിവിഷനും അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേയുടെ പൂർണ നിയന്ത്രണത്തിലാണു സ്കൂൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com