ADVERTISEMENT

അലനല്ലൂർ ∙ പഠിക്കാനുള്ള അടങ്ങാത്ത മോഹത്തിനു മുൻപിൽ പ്രായമൊരു തടസ്സമാണോ? പ്ലസ് വൺ പരീക്ഷയ്ക്കൊരുങ്ങുന്ന ഒരു ‘കുട്ടി’ ഈ ചോദ്യത്തിന് ഉത്തരമാണ്; പത്താം ക്ലാസ് പഠനം കഴിഞ്ഞ് 56 വർഷം പിന്നിടുമ്പോൾ പ്ലസ് വൺ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അലനല്ലൂർ പുത്തൻവീട്ടിൽ ശ്രീദേവിയമ്മ (76). തുല്യതാ ക്ലാസിലൂടെ പ്ലസ് വൺ പഠനത്തിനു ചേർന്ന ശ്രീദേവിയമ്മയ്ക്കു സാക്ഷരതാ മിഷന്റെ ക്ലാസുകൾ കഴിഞ്ഞു വീട്ടിലെത്തിയാൽ മകൻ ജയപ്രകാശിന്റെ മരുമകൾ മഞ്ജിമയുടെ വക ‘സ്പെഷൽ ക്ലാസു’മുണ്ട്.

1968 പാണ്ടിക്കാട് പയ്യപറമ്പ് ഹൈസ്കൂളിൽ നിന്ന് 254 മാർക്കോടെ എസ്എസ്എൽസി പാസായി. 19–ാം വയസ്സിൽ വിവാഹിതയായി അലനല്ലൂരിലെത്തി. ഇതോടെ പഠനം അവസാനിപ്പിച്ചു. എസ്എസ്എൽസി ബുക്ക് പോലും നഷ്ടപ്പെട്ടു. പിന്നീടു ഡ്യൂപ്ലിക്കറ്റ് ബുക്ക് എടുത്തു. അക്കാലത്ത് എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ പിഎസ്‌സി പരീക്ഷകൾ എഴുതി എൽഡി ക്ലാർക്ക് പരീക്ഷയിൽ സപ്ലിമെന്ററി ലിസ്റ്റിൽ അ‍ഞ്ചാം നമ്പറായി ഇടം പിടിച്ചിരുന്നു. പക്ഷേ, നിയമനം കിട്ടിയില്ല.

അഗ്നിരക്ഷാ സേന ജീവനക്കാരൻ പാറപ്പുറത്ത് നാസറിന്റെ ‘മോട്ടിവേഷൻ’ ആണു പഠിക്കാനുള്ള ആഗ്രഹം പൊടിതട്ടിയെടുത്തത്. മക്കളും മരുമക്കളും പേരക്കുട്ടികളും കൂടെ നിന്നു. തുടർന്ന് അലനല്ലൂർ പഞ്ചായത്ത് സാക്ഷരതാ മിഷൻ വഴി പ്ലസ്ടു പഠനത്തിനു ചേർന്നു. ജൂലൈയിലാണു പരീക്ഷ. അത്യാവശ്യം കഥ, കവിതാ രചനയൊക്കെയുണ്ട്. ഇംഗ്ലിഷിൽ നന്നായി എഴുതുകയും വായിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം അലനല്ലൂർ ഹൈസ്കൂളിൽ എത്തിയ വി.കെ.ശ്രീകണ്ഠൻ എംപിയുടെ പ്രോത്സാഹനം പഠനത്തിനു കൂടുതൽ ഹരം പകർന്നിട്ടുണ്ടെന്നു ശ്രീദേവിയമ്മ പറയുന്നു. പാണ്ടിക്കാട്ടെ പരേതരായ പുത്തൻവീട്ടിൽ വേലുനായരുടെയും ദേവകിയമ്മയുടെയും മകളാണ്. ഭർത്താവ് പരേതനായ രാമചന്ദ്രൻ. മക്കൾ. സുരേഷ് ബാബു, ജയപ്രകാശ്, ശ്രീലത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com