ADVERTISEMENT

പാലക്കാട് ∙ ഉപയോഗശേഷം ഉപേക്ഷിക്കുന്ന പാൽ പായ്ക്കറ്റുകൾ തിരിച്ചെടുത്തു മിൽമ മാതൃക കാട്ടണമെന്ന് എം.ബി.രാജേഷ് നിർദേശിച്ചു. മാലിന്യം സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തമാണു സംസ്കരണമെന്നും അദ്ദേഹം പറഞ്ഞു. കൈകാര്യം ചെയ്യാൻ ഏറ്റവും പ്രയാസമുള്ള മാലിന്യമാണ് പാൽ പായ്ക്കറ്റുകൾ. ഓരോ ദിവസവും ലക്ഷക്കണക്കിനു കവറുകളാണ് ഉപേക്ഷിക്കുന്നത്. ഇതു റീസൈക്കിൾ ചെയ്യാൻ കഴിയില്ല. കഴുകി ഉണക്കാതെയാണ് പലരും ഹരിതകർമ സേനയ്ക്കു കൈമാറുന്നത്. ഇങ്ങനെ കിട്ടിയതുകൊണ്ട് കാര്യമില്ല. തന്റെ കീഴിലുള്ള എക്സൈസ് വകുപ്പിലെ ബവ്റിജസ് കോർപറേഷനിൽ നിന്നുള്ള പ്ലാസ്റ്റിക് മദ്യക്കുപ്പികളും വലിയ തോതിൽ മാലിന്യപ്രശ്നം ഉണ്ടാക്കുന്നു. കുപ്പികൾ ശേഖരിച്ചു സംസ്കരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാൽ കവറുകൾ തിരിച്ചെടുക്കുകയും ബവ്കോ പോലെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്കരണ സംവിധാനങ്ങൾ ആലോചിക്കുകയും ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ  നൽകുന്ന അധിക പാൽ വിലയുടെ വിതരണം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ നിർദേശം. 

കവർ റീസൈക്കിൾ ചെയ്യാമെന്ന് മിൽമ  
മിൽമ പാൽ കവറുകളുടെ കനം 53 മൈക്രോൺ മുതലാണ് ആരംഭിക്കുന്നതെന്നു മിൽമ പറഞ്ഞു. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഫു‍ഡ്ഗ്രേഡ് വെർജിൻ പോളിമർ ആണ് പാൽ കവർ. ഇവ റീസൈക്കിൾ ചെയ്യാൻ കഴിയുന്നതാണ്. പാൽ കവറുകൾ ശേഖരിച്ച് പ്ലാസ്റ്റിക് കുടം പോലെയുള്ള ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികളുണ്ട്. ഇതിനു പുറമേ കവറുകൾ റീസൈക്കിൾ ചെയ്യുന്നതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിർദേശപ്രകാരം 2 രൂപ മുതൽ 5 രൂപ വരെ മിൽമ കൈമാറുന്നുണ്ട്. രാജ്യമാകെ പാൽ വിതരണത്തിന് ഇതാണു മാതൃക. മറ്റു വിലയേറിയ പാക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ചാൽ ഇപ്പോഴത്തെ വിലയ്ക്കു പാൽ വിൽക്കാനാകില്ല. കവറുകൾ തിരിച്ചെടുക്കുന്ന രീതിയെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അതു നയപരമായ കാര്യമാണെന്നും മിൽമ പറഞ്ഞു.

മിൽമയുടെ അധിക പാൽവില വിതരണം തുടങ്ങി
പാലക്കാട് ∙ ക്ഷീര സംഘങ്ങൾക്കും ജീവനക്കാർക്കും മിൽമ മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ നൽകുന്ന അധിക പാൽ വിലയുടെ വിതരണച്ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലയിലെ 312 ക്ഷീരസംഘങ്ങൾക്കും ക്ഷീരസംഘം ജീവനക്കാർക്കുമായി മേഖല യൂണിയൻ നൽകുന്ന 1.51 കോടിയുടെ വിതരണോദ്ഘാടനമാണ് നടത്തിയത്. . ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് വിതരണം എ.പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി അധ്യക്ഷനായിരുന്നു. ക്ഷീര സമാശ്വാസം ധനസഹായ വിതരണം മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. മലബാർ മേഖല മാനേജിങ് ഡയറക്ടർ കെ.സി.ജയിംസ്, ഡയറക്ടർമാരായ കെ.ചെന്താമര, വി.വി.ബാലചന്ദ്രൻ, എസ്.സനോജ്, പഞ്ചായത്ത് അംഗം എ.അബു താഹിർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com