ചുമതലയേറ്റത് 15 ദിവസം മുൻപ്; മുങ്ങിമരിച്ച എസ്ഐക്ക് നാടിന്റെ യാത്രാമൊഴി
Mail This Article
കൊപ്പം ∙ തൂതപ്പുഴയില്‍ മുങ്ങി മരിച്ച കൊപ്പം എസ്ഐ സുബീഷ് മോന് നാടിന്റെ യാത്രാമൊഴി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വച്ചു. കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണൻ അന്ത്യാഞ്ജലി അർപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, കൊപ്പം പൊലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ, രാഷ്ട്രീയ നേതാക്കള്‍, വിവിധ സംഘടനാ പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ ഉൾപ്പെടെ ഒട്ടേറെപ്പേര്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ കൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
രണ്ടാഴ്ച മുന്‍പാണ് സുബീഷ് മോന്‍ കൊപ്പം പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ചുമതലയേറ്റത്. തന്റെ സേവന കാലത്ത് നടന്ന ക്ഷേത്രോത്സവങ്ങളും ദേശോത്സവങ്ങളും ഉള്‍പ്പെടെ സമാധാനപരമായി നടത്താൻ ശ്രമിച്ചു ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടോടെയാണു തൂതപ്പുഴയിലെ പുലാമന്തോള്‍ കടവില്‍ ബന്ധുക്കളോടൊപ്പം കുളിക്കുന്നതിനിടെ തടയണ പ്രദേശത്തു മുങ്ങി മരിച്ചത്. 15 ദിവസം മുൻപു മാത്രം കൊപ്പം സ്റ്റേഷനിൽ ചുമതലയേറ്റ സുബീഷ് മോൻ ചുരുങ്ങിയ സമയം കൊണ്ടു സഹപ്രവർത്തകരോടും നാട്ടുകാരോടും ഏറെ അടുപ്പം സ്ഥാപിച്ചെടുത്തിരുന്നു. വി.കെ.ശ്രീകണ്ഠന്‍ എംപി, മുഹമ്മദ് മുഹസിന്‍ എംഎല്‍എ എന്നിവര്‍ അനുശോചിച്ചു. മൃതദേഹം സ്വദേശമായ മാളയിലേക്കു കൊണ്ടുപോയി.