ADVERTISEMENT

പാലക്കാട് ∙ തീപിടിച്ചാൽ ഇനി സൈറനടിച്ച് പാഞ്ഞെത്തുന്ന ചുവന്ന വണ്ടിയിൽ നിന്ന് കാക്കിയിട്ടിറങ്ങുന്ന സൂപ്പർ വുമനെയും കാണാം. തീയിൽ കുരുത്ത പാലക്കാട്ടെ ഈ പെൺപട ഇനി അറിയപ്പെടുക രാജ്യത്തെ ആദ്യ ഫയർ വുമനായിട്ടാണ്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ അഗ്നിരക്ഷാസേനയി‍ൽ വുമൻ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ തസ്തികയിൽ നിയമിതരായ 82 പേരിൽ ആറുപേർ പാലക്കാട്ടുകാരാണ്. അനുഷ കൃഷ്ണൻ (കുനിശ്ശേരി), ശ്രുതി സ്വാമിനാഥൻ (മുതലമട), ഐശ്വര്യ പരമേശ്വരൻ (പല്ലശ്ശന), സുചിത്ര സുകുമാരൻ (കരിപ്പോട്), അപർണ കുമാരൻ (കുഴൽമന്ദം), സി.ആതിര (ചിറ്റൂർ) എന്നിവരാണ് പാലക്കാടിന്റെ നായികമാർ. ഇവരിൽ 4 പേർ ജില്ലയിൽ തന്നെ നിയമിക്കപ്പെട്ടു. മറ്റു രണ്ടുപേർ കോഴിക്കോട്ടും എറണാകുളത്തുമാണ്. 

വെള്ളത്തിൽ ഇരുപതടിയോളം താഴ്ചയിലേക്ക് സ്കൂബ ഡൈവ് ചെയ്തും മലമുകളിൽ വലിഞ്ഞുകയറിയും തീയിൽ ചാടിയും പുകയ്ക്കുള്ളിലൂടെ നടന്നും ഇവർ കരുത്തുതെളിയിച്ചുകഴി‍ഞ്ഞു.  23ന് ആദ്യഘട്ട അടിസ്ഥാന പരിശീലനം പൂർത്തിയാക്കി ഓഫിസ് ട്രെയിനിങ്ങിനായി തയാറാകുകയാണിവർ. സാധാരണ സ്ത്രീയായി വന്ന തങ്ങൾക്ക് ആദ്യ 6 മാസം പിന്നിടുമ്പോൾ തന്നെ ഒരു സൂപ്പർ വുമനായ ഫീലാണെന്നാണ് ഇവർ പറയുന്നത്. ആൺ, പെൺ വ്യത്യാസമില്ലാതെ എല്ലാ ജോലിയും എല്ലാവരും ചെയ്യണമെന്നതാണ് ഈ ജോലിയുടെ ത്രില്ലെന്നു ശ്രുതി പറഞ്ഞു. 

 സ്ത്രീകളായതുകൊണ്ട് ജോലിയിൽ പ്രത്യേക പരിഗണനയോ ഇളവോ ഇല്ല. തൃശൂരിലെ വിയ്യൂർ ഫയർ സ്റ്റേഷനിൽ പാലക്കാട് അഗ്നിരക്ഷാസേന അസി.സ്റ്റേഷൻ ഓഫിസർ ബെന്നി കെ.ആൻഡ്രൂസ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി.പ്രിയൻ, എം.സുജിത് എന്നിവരുടെയും വനിതാ കോൺസ്റ്റബിൾമാരുടെയും നേതൃത്വത്തിലാണു പരിശീലനം നടക്കുന്നത്.

23ന് വർക്കിന് ഇറങ്ങണം, എന്താണു യാഥ്യാർഥ്യമെന്ന് അനുഭവിച്ചറിയണം. ഈ സ്വപ്നത്തിനൊപ്പം ആരും കടന്നുവരാത്ത വഴി തിരഞ്ഞെടുത്ത് ഒരുപാടു പേർക്ക് മാതൃകയാകുന്നതിന്റെ സന്തോഷത്തിലുമാണ് ഈ ആറംഗ സംഘം. ആദ്യമായി സ്ത്രീകൾ സേനയിലെത്തിയതുകൊണ്ട് ഇവർക്കായി എല്ലാ ജില്ലകളിലും ഒരുകോടി രൂപ ചെലവിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com