ADVERTISEMENT

കഞ്ചിക്കോട് ∙ റെയിൽവേ സ്റ്റേഷനോടു ചേർന്ന 110 കെവി സബ് സ്റ്റേഷനിൽ ഷോർട് സർക്യൂട്ടിനെ തുടർന്നു വൈദ്യുതി ലൈൻ പൊട്ടിവീണു വൻ അഗ്നിബാധ. ട്രാക്കിനു സമീപത്തെ 3 ഏക്കറോളം പറമ്പ് കത്തിനശിച്ചു. ട്രാക്കിലേക്കും സ്റ്റേഷനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടർന്നെങ്കിലും നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടൽ വലിയ അപകടം ഒഴിവാക്കി.

പെട്രോളിയം ടാങ്കർ കയറ്റിയെത്തിയ ചരക്ക് ട്രെയിൻ അഗ്നിബാധയെ തുടർന്ന് ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. അപകടത്തെ തുടർന്നു 2 ചരക്കു ട്രെയിനുകളും ഒരു യാത്രാ ട്രെയിനും 20 മിനിറ്റോളം വൈകിയോടി. ഇന്നലെ രാവിലെ 11.30നാണു നാടിനെ മുഴുവൻ ഭീതിയിലാക്കിയ അപകടം. റെയിൽവേ കോംപൗണ്ടിലേക്കു വൈദ്യുതി സപ്ലൈ ചെയ്യുന്ന റെയിൽവേയുടെ മേൽനോട്ടത്തിലുള്ള ഫീഡറിലെ ട്രാൻസ്ഫോമറിലെ ലൈനിൽ നിന്നാണു തീ പടർന്നത്.

ട്രാൻസ്ഫോമറിൽ ചെറിയ പൊട്ടിത്തെറിയുണ്ടായെന്നും തുടർന്ന് ഹൈ ടെൻഷൻ (എച്ച്ടി) ലൈനുകൾ അറ്റുവീണു തീ പടരുകയായിരുന്നെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു. അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും റെയിൽവേ, കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്ന് ഒന്നര മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമായത്. എ.പ്രഭാകരൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. കിൻഫ്ര ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കമ്പനിക്കു സമീപത്തെ പറമ്പിലും ഇലക്ട്രിക് ലൈൻ പൊട്ടി അഗ്നിബാധയുണ്ടായി. സ്റ്റേഷൻ ഓഫിസർ ആർ.രാജീവന്റെ നേതൃത്വത്തിൽ വൈകിട്ടോടെ തകരാർ പരിഹരിച്ചു.

വൻ ദുരന്തം ഒഴിവാക്കിയത് നാടൊരുമിച്ച്
റെയിൽവേയുടെ നിയന്ത്രണത്തിലുള്ള കെഎസ്ഇബി ഫീഡറിലെ അപകട കാരണം ട്രാക്കിനു സമീപത്തെയും സബ് സ്റ്റേഷനു സമീപത്തെയും കുറ്റിക്കാടുകളും പറമ്പും വൃത്തിയാക്കാത്തതാണെന്ന് ആരോപണമുണ്ട്. ഇവിടെ പുല്ലും കുറ്റിക്കാടും ഉണങ്ങി നിന്നിരുന്നതിനാൽ രണ്ടാഴ്ച മുൻപ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിനു സമീപത്തെ വനമേഖലയിലും അഗ്നിബാധയുണ്ടായി ട്രെയിനുകൾ വൈകിയോടിയിരുന്നു. വനംവകുപ്പിനു ഫണ്ട് ലഭ്യമല്ലാത്തതിനാൽ ട്രാക്ക് ഓരത്തെ വനമേഖല മുൻ വർഷങ്ങളിൽ നടത്താറുള്ള പ്രവൃത്തികൾ നടത്തിയിട്ടില്ല.

ഏതു നിമിഷവും ഇവിടങ്ങളിൽ അഗ്നിബാധയുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് കഞ്ചിക്കോട് അഗ്നിരക്ഷാസേന നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ അഗ്നിരക്ഷാ സേനയ്ക്കൊപ്പം നാടൊരുമിച്ചതോടെയാണു വലിയ അപകടം ഒഴിവാക്കിയത്. അസി.സ്റ്റേഷൻ ഓഫിസർ കെ.മധു, സേനാംഗങ്ങളായ അബു സലിം, കെ.സജിത്ത്, സി.രാജേഷ്, വി.രാമചന്ദ്രൻ, പി.പ്രകാശൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ സന്തോഷ് കഞ്ചിക്കോട്, എം.സുജിത്ത് കുമാർ, ആർ.രമേശ്, മയിൽസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ജില്ലയിൽ വൈദ്യുതി വിതരണത്തിൽ  തടസ്സം
പാലക്കാട് ∙ കഞ്ചിക്കോട് 220 കെവി സബ് സ്റ്റേഷനിൽ നിന്നു റെയിൽവേ ഫീഡറിലേക്കുള്ള വൈദ്യുതി വിതരണ സംവിധാനത്തിലെ ഉപകരണം പൊട്ടിത്തെറിച്ചതോടെ ജില്ലയിൽ വൈദ്യുതി തടസ്സം. കടുത്ത ചൂടിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങിയതോടെ ജനം ബുദ്ധിമുട്ടിലായി. ഇന്നലെ പകൽ പന്ത്രണ്ടോടെയാണ് ഉപകരണം പൊട്ടിത്തെറിച്ചത്. ഇതോടെ വൈദ്യുതി വിതരണം മൊത്തത്തിൽ തടസ്സപ്പെട്ടു.

ഒരു മണിക്കൂറിനുള്ളിൽ ഇതര ഫീഡറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും ഇടയ്ക്കിടെ വിതരണത്തിൽ ചെറിയ തടസ്സങ്ങളുണ്ടായി. റെയിൽവേ ആവശ്യങ്ങൾക്കു വൈദ്യുതി നൽകുന്ന ഫീഡറിലെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗതിയിലാണ്. മറ്റു പ്രശ്നങ്ങളില്ലെന്നു കെഎസ്ഇബി അറിയിച്ചു.

പ്രതിസന്ധി പരിഹരിച്ചു വിതരണം പുനഃസ്ഥാപിച്ചെന്നു കെഎസ്ഇബി അറിയിച്ചെങ്കിലും രാത്രി പലയിടത്തും വൈദ്യുതി മുടങ്ങിയതു ജനത്തെ കടുത്ത ദുരിതത്തിലാക്കി. ചിലയിടങ്ങളിൽ ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. കടുത്ത ചൂടിൽ ജനം വിയർത്തൊഴുകി. പത്താം ക്ലാസ് പരീക്ഷാസമയത്തെ വൈദ്യുതിമുടക്കം വിദ്യാർഥികളെയും ബാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com