ADVERTISEMENT

പാലക്കാട് ∙ കാലാകാലങ്ങളിൽ സ്വീകരിച്ച തെറ്റായ നയങ്ങൾ കാരണം സിപിഎം പൊളിറ്റ്ബ്യൂറോ ഇപ്പോൾ പൊളിഞ്ഞ ബ്യൂറോയായി മാറിയെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ ആരോപിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം രക്ഷപ്പെടാൻ കഴിയാത്ത സിപിഎം ആണു രാജ്യത്തെയും ന്യൂനപക്ഷങ്ങളെയുമൊക്കെ സംരക്ഷിക്കുമെന്നു മേനിപറഞ്ഞു നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണു സിപിഎം പറയുന്നത്. അധികാരത്തിലെത്തിയാൽ ആ നിയമം തന്നെ എടുത്തുകളയുമെന്നാണ് കോൺഗ്രസും യുഡിഎഫും ഉറപ്പു നൽകുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലിൽ കെട്ടിയ കല്ലായി പിണറായി വിജയൻ സർക്കാർ മാറി. കടമെടുക്കുക എന്ന ഒരു പദ്ധതി മാത്രമേ ഇടതു സർക്കാരിനുള്ളൂ. കുട്ടികളെ തല്ലിക്കൊല്ലുന്ന പ്രസ്ഥാനമായി എസ്എഫ്ഐ മാറി. കലോത്സവങ്ങളെ കൊലോത്സവങ്ങളാക്കി മാറ്റുന്നു. ഇതൊന്നും നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മാത്രമേ രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനാകൂ. മോദി ഗാരന്റി വെറും മുക്കുപണ്ടമെന്നും അദ്ദേഹം ആരോപിച്ചു. 

പാലക്കാട് മണ്ഡലം സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, കോൺഗ്രസ് നേതാവ് സി.പി.മുഹമ്മദ്, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ, എൻ.ഷംസുദീ‍ൻ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരിം, കെപിസിസി സെക്രട്ടറിമാരായ പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ, ഡിസിസി സെക്രട്ടറിമാരായ എസ്.കെ.അനന്തകൃഷ്ണൻ, പി.ബാലൻ, വി.രാമചന്ദ്രൻ, സിഎംപി ജില്ലാ സെക്രട്ടറി പി.കലാധരൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ബി.രാജേന്ദ്രൻനായർ, കെ.ശിവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. മലമ്പുഴ യുഡിഎഫ് കൺവൻഷനിൽ ചെയർമാൻ കെ.കോയക്കുട്ടി അധ്യക്ഷനായി. കെ.ശിവരാജേഷ് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com