ADVERTISEMENT

തൃത്താല ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട തൃത്താല നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ മഴയ്ക്കു മുൻപ് പൂർത്തീകരിക്കണമെന്ന് മന്ത്രി എം.ബി.രാജേഷ്.  മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ നടന്ന ജല അതോറിറ്റി - പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്.

ജില്ലയിൽ ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങളിൽ പ്രധാന തടസ്സമായി നിൽക്കുന്ന റോഡുകളിലെ കട്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണു യോഗം ചേർന്നത്. തൃത്താല, ചാലിശ്ശേരി, തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളിലെ പൊതുമരാമത്ത് റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 

തൃത്താല മണ്ഡലത്തിലെ  കറുകപുത്തൂർ - അക്കിക്കാവ്, വട്ടോളിക്കാവ് - കറുകപുത്തൂർ,  തണ്ണീർക്കോട് - നടുവട്ടം, തണ്ണീർക്കോട് - ചാലിശ്ശേരി, ആനക്കര - കാലടി തുടങ്ങിയ റോഡ് പ്രവൃത്തികളുടെ തടസ്സങ്ങൾ നീക്കണമെന്നും മന്ത്രി നിർദേശിച്ചു.കറുകപുത്തൂർ - അക്കിക്കാവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വാട്ടർ അതോറിറ്റി ഒടുക്കിയ തുക കൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ പിഡബ്ല്യുഡി റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കു മന്ത്രി നിർദേശം നൽകി.

ചാലിശ്ശേരി - തണ്ണീർക്കോട് പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങുന്നതിനു മുൻപ് അതുവഴിയുള്ള ഭാര വാഹനങ്ങളുടെ യാത്ര താൽക്കാലികമായി നിർത്തി വയ്ക്കുന്നതിനായി ആർടിഒക്ക് കത്തു നൽകിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി റോഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അതിൽ തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു.തണ്ണീർക്കോട് - നടുവട്ടം റോഡ് പുനരുദ്ധാരണ കരാർ ഒരാഴ്ചയ്ക്കുള്ളിൽ വയ്ക്കുമെന്ന് പിഡബ്ല്യുഡി റോഡ്സ് വിഭാഗം അറിയിച്ചു. 

ജല ജീവൻ മിഷൻ നടന്നു  കൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണം, റോഡ് കട്ടിങ് എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാലും പുതിയ പ്രവൃത്തിയുടെ ഭാഗമല്ലാത്തതിനാലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാലും ഭരണാനുമതി കിട്ടുന്ന മുറയ്ക്ക് പണി ചെയ്താൽ മാത്രമേ മഴക്കാലത്തിനു മുൻപ് പൂർത്തീകരിക്കാൻ സാധിക്കൂവെന്നും യോഗം വിലയിരുത്തി.  യോഗത്തിൽ സബ് കലക്ടർ ഡോ.മിഥുൻ പ്രേംരാജ്, പൊതുമരാമത്ത് , വാട്ടർ അതോറിറ്റി,  ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com