പുസ്തകങ്ങളുടെ രാജകുമാരി ‘അകർഷണ’യെ അഭിനന്ദിച്ച് മോദി

Mail This Article
കോയമ്പത്തൂർ∙ ചെറുപ്രായത്തിലെ വായനാശീലത്തോടൊപ്പം മറ്റുള്ളവർക്കു വായനാശീലം വളർത്താനായി പുസ്തക ശേഖരണവും നടത്തുന്ന മലയാളി പെൺകുട്ടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ചു. തിങ്കളാഴ്ച രാത്രി കോയമ്പത്തൂരിലെ റോഡ് ഷോ കഴിഞ്ഞ ശേഷമാണ് സർക്യൂട്ട് ഹൗസിൽ വച്ച് അകർഷണയെ (12) പ്രധാനമന്ത്രി അഭിനന്ദിച്ചത്. പാലക്കാട് കാവശ്ശേരി സതീഷ് കുമാറിന്റെയും വളാഞ്ചേരി പൂക്കാട്ടിരി പ്രവിതയുടെയും മകളാണ് അകർഷണ. ചെറിയ പ്രായത്തിനകം ഏഴായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് 10 ചെറു ലൈബ്രറികളാണ് കുട്ടികൾക്ക് വേണ്ടി പലയിടങ്ങളിലായി തുറന്നത്.
ഹൈദരാബാദിൽ 7, ചെന്നൈ 1, കോയമ്പത്തൂർ 1, നാഗർകോവിൽ 1 എന്നിവിടങ്ങളിലാണ് സ്വപ്രയത്നം കൊണ്ട് പുസ്തക ശേഖരണം നടത്തി ലൈബ്രറി സ്ഥാപിച്ചത്. ഇക്കാര്യമറിഞ്ഞ പ്രധാനമന്ത്രി രാജ്യത്തോടായി നേരിട്ട് സംസാരിക്കുന്ന 105-മത് മൻ കീ ബാത്തിൽ അകർഷണയെ ക്കുറിച്ചു പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ എത്തുമ്പോൾ നേരിട്ട് കാണാമെന്നു വാഗ്ദാനം നൽകിയിരുന്നതാണ് ഇപ്പോൾ നിറവേറിയത്. പുസ്തകങ്ങളുടെ രാജകുമാരിയെന്ന് അഭിനന്ദിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 2 പുസ്തകങ്ങൾ കയ്യൊപ്പ് ചാർത്തി സമ്മാനിച്ചു. കൂടാതെ അകർഷണയുടെ ഉദ്യമത്തിന് പിന്തുണ പ്രഖ്യാപിച്ച മോദി 25-മത് ലൈബ്രറിയുടെ ഉദ്ഘാടനം താൻ നിർവഹിക്കുമെന്ന് ഉറപ്പുനൽകി.
കോയമ്പത്തൂർ ശിങ്കാനല്ലൂരിൽ സ്ഥിര താമസമാണെങ്കിലും ഹൈദരാബാദിൽ സീമെൻസ് സൗത്ത് ഏഷ്യൻ കൺട്രീസ് ജനറൽ മാനേജരായ (എച്ച്എം) അച്ഛനോടൊപ്പമാണ് താമസം. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അകർഷണ. നാഗർകോവിലിൽ മുൻ ഡിജിപി ശൈലേന്ദ്ര ബാബുവിന്റെ വീട് ലൈബ്രറി ആക്കിയപ്പോൾ പുസ്തകങ്ങൾ എത്തിച്ചു നൽകിയിരുന്നു. അകർഷണയുടെ വാർത്തയറിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. സിദ്ധാപുത്തൂർ അയ്യപ്പക്ഷേത്രത്തിലെ ജോ. സെക്രട്ടറിയായ എം. വിശ്വനാഥന്റെ പൗത്രിയും കൂടിയാണ് അകർഷണ.