തിരഞ്ഞെടുപ്പു പരാതികളിൽ നടപടി 100 മിനിറ്റിൽ
Mail This Article
പാലക്കാട് ∙ തിരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള കാര്യങ്ങളിൽ സി-വിജിൽ (cVIGIL) ആപ്പിലൂടെ നൽകുന്ന പരാതികളിൽ 100 മിനിറ്റിനകം നടപടി സ്വീകരിക്കും. മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാർത്തകൾ, വർഗീയ വിദ്വേഷ പ്രസംഗങ്ങൾ, അപകീർത്തിപ്പെടുത്തൽ, അനുവാദമില്ലാതെ സ്ഥാപിക്കുന്ന പോസ്റ്ററുകൾ, ബാനറുകൾ, സമ്മാനങ്ങൾ കൂപ്പണുകൾ എന്നിവയുടെ വിതരണം, അനുവാദമില്ലാത്ത വാഹന റാലികൾ, നിരോധിത സമയത്തെ പ്രചാരണം തുടങ്ങി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിവരങ്ങൾ പരാതികളായി നൽകാം.എആർഒയുടെ അധികാര പരിധിക്കപ്പുറമുള്ള പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറും.
പരാതി നൽകാൻ
പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറിൽ സി-വിജിൽ ആപ്പ് ലഭിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി ഉപയോഗിക്കാം. പരാതി നൽകാൻ ഫോട്ടോ, വിഡിയോ, ഓഡിയോ എന്നിവയിൽ ഏതെങ്കിലും ക്ലിക്ക് ചെയ്താൽ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷൻ കണ്ടെത്തും. തുടർന്നു പ്രൊസീഡ് ഐക്കൺ ക്ലിക്ക് ചെയ്ത് ക്യാമറയിൽ പകർത്താം. പരാതിയിൽ വിശദ വിവരം എഴുതാനുള്ള സൗകര്യവുമുണ്ട്.
ആപ്പ് ഉപയോഗിച്ച് തത്സമയം എടുക്കുന്നവ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോൺ ഗാലറിയിൽ സേവ് ചെയ്യാനും കഴിയില്ല.