ADVERTISEMENT

ചിറ്റൂർ ∙ ഒരു രൂപയ്ക്ക് ശുദ്ധീകരിച്ചു തണുപ്പിച്ച വെള്ളം. കടുത്ത വേനലിൽ കീശ കാലിയാകാതെ ദാഹമകറ്റി വാട്ടർ എടിഎമ്മുകൾ. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ നടപ്പാക്കിയ വാട്ടർ എടിഎം പദ്ധതിയാണ് ഈ ചൂടുകാലത്ത് താരമാകുന്നത്. ഒരു രൂപയുടെ നാണയമിട്ടാൽ തണുപ്പുള്ള ശുദ്ധീകരിച്ച ഒരു ലീറ്റർ വെള്ളവും 5 രൂപയുടെ നാണയമിട്ടാൽ 5 ലീറ്റർ വെള്ളവുമാണ് വാട്ടർ എടിഎമ്മിൽ നിന്നും ലഭിക്കുക.

നാട്ടുകാരുടെ ദാഹമകറ്റുന്നതിനു പുറമേ പദ്ധതി നടപ്പാക്കിയതിനു പിന്നിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലും ബ്ലോക്കിനു കീഴിലുള്ള 7 പഞ്ചായത്തുകളിലും വാട്ടർ എടിഎം എന്ന പദ്ധതി നടപ്പിലാക്കിയതിലൂടെ കടകളിൽ നിന്നു വലിയ വിലകൊടുത്തു കുപ്പിവെള്ളം വാങ്ങുന്നത് വ്യാപകമായി കുറഞ്ഞിട്ടുണ്ട്. അതുവഴി ഒരുതവണ മാത്രം ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും ഗണ്യമായി കുറഞ്ഞു.

കടകളിൽ നിന്നും 20 രൂപ കൊടുത്തു വാങ്ങുന്ന വെള്ളമാണ് വെറും ഒരു രൂപയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വാട്ടർ എടിഎമ്മിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഒരു ദിവസം വാട്ടർ എടിഎമ്മുകളിലൂടെ പ്രതിദിനം 2500 മുതൽ 3000 ലീറ്റർ വെള്ളമാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. ഈ ഉപയോഗത്തിലൂടെ തന്നെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പദ്ധതിക്കു നടപ്പിലാക്കുന്നതിനു മുൻകൈ എടുത്ത ബ്ലോക്ക് പഞ്ചായത്തംഗം വി.മുരുകദാസ് പറഞ്ഞു.. 

തൊഴിലാളികൾ, ദീർഘദൂര യാത്രക്കാർ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്കു പുറമേ ശുദ്ധജല വിതരണം മുടങ്ങുന്ന സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതിനുൾപ്പെടെ ആളുകൾ വാട്ടർ എടിഎമ്മുകളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. 24 മണിക്കൂറും വെള്ളം ലഭിക്കുമെന്നതിനാൽ രാത്രികാലങ്ങളിലും വഴിയാത്രക്കാരുടെ ആശ്രയം ഈ വാട്ടർ എടിഎമ്മുകളാണ്. 

ഇതു സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ ആയിരക്കണക്കിനു ആളുകൾ വാട്ടർ എട്ടിഎമ്മിന്റെ സ്ഥിരം ഉപഭോക്താക്കളായി മാറിയിട്ടുണ്ട്. ചിറ്റൂർ–തത്തമംഗലം നഗരസഭയിലും വാട്ടർ എടിഎം സ്ഥാപിക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com