നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തി

Mail This Article
വണ്ടാഴി ∙ ഏഴു നൂറ്റാണ്ടിലധികം പഴക്കം കണക്കാക്കുന്ന വട്ടെഴുത്ത് ലിഖിതം കണ്ടെത്തി. വണ്ടാഴി പഞ്ചായത്തിലെ ചിറ്റടി ശ്രീ മണ്ണൂർ ഭഗവതി ക്ഷേത്രത്തിലെ ബലിക്കല്ലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്ത് കണ്ടെത്തിയത്.
വർഷങ്ങൾക്കു മുൻപ് മണ്ണു മൂടിക്കിടന്ന അവസ്ഥയിൽ കണ്ടെത്തിയ ക്ഷേത്രം സ്ഥലം ഉടമകളായ വണ്ടാഴി പുഴക്കൽ തിരുപുരത്ത് വെളുത്താക്കൽ വി.വേണുഗോപാലനും വി.സുന്ദരേശനും മറ്റു കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്താൽ നവീകരിക്കുകയുണ്ടായി.
നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ കണ്ടെത്തിയ ബലിക്കല്ലിലാണ് ലിഖിതം കണ്ടെത്തിയത്. ഈ ലിഖിതം വട്ടെഴുത്താണെന്ന് അറിഞ്ഞതോടെ അത് വായിച്ചെടുക്കാനുള്ള ശ്രമം പലരും നടത്തിയെങ്കിലും വിജയിച്ചില്ല.
2023 ഒക്ടോബറിൽ പാലക്കാട് വിക്ടോറിയ കോളജിലെ ഹിസ്റ്ററി വിഭാഗം പ്രഫസർ ആയിരുന്ന ഡോ. രാജൻ ബലിക്കല്ലിലെ വട്ടെഴുത്തിന്റെ എസ്റ്റാംപേജ്(പകർപ്പ് ) എടുത്തുകൊണ്ടു പോവുകയും മൈസൂരിലെ ആർക്കിയോളജി ഓഫ് ഇന്ത്യയുടെ ഓഫിസിലേക്ക് അയയ്ക്കുകയും ചെയ്തു. കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ലിഖിതം പൂർണമായി വായിച്ചെടുക്കാൻ കഴിഞ്ഞില്ല. 2023 ഡിസംബറിൽ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ ഓഫിസറായ ഡോ.കൃഷ്ണരാജ് ബലിക്കല്ല് വീണ്ടും പരിശോധിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ ഭാസ്കരൻ എന്ന രാജാവ് അമ്മച്ച ചെലവുകൾക്കായി, അതായത് ക്ഷേത്ര ചെലവുകൾക്കായി ക്ഷേത്രത്തിനു കൊടുത്ത വസ്തുവകകളുടെ കണക്കാണ് ഈ ലിഖിതത്തിൽ എഴുതിയിരിക്കുന്നത് എന്ന് കണ്ടെത്തി. ക്ഷേത്രത്തിന്റെ കാലപ്പഴക്കം കണക്കാക്കാൻ കഴിഞ്ഞില്ലെങ്കിലും ബലിക്കല്ലിൽ എഴുതിയ ശൈലി അനുസരിച്ച് വട്ടെഴുത്ത് ലിഖിതം പതിമൂന്നോ പതിനാലോ നൂറ്റാണ്ടിലേതാണെന്നാണ് വിലയിരുത്തിയത്. ക്ഷേത്രത്തിൽ ഇതുവരെ സ്ഥിര പൂജ ആയിട്ടില്ല.
എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ പൂജ നടത്തിവരുന്നു. ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾക്കും മറ്റുമുള്ള സാമ്പത്തികബുദ്ധിമുട്ട് കാരണമാണ് മാസത്തിലൊരിക്കൽ മാത്രം പൂജ നടത്തിവരുന്നതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.