പ്രധാനമന്ത്രിക്ക് ബിജെപി മൈക്ക് നൽകാതിരുന്നത് വാക്കു പാലിക്കാത്തതിനാൽ: വി.കെ.ശ്രീകണ്ഠൻ

Mail This Article
പാലക്കാട് ∙ പ്രധാനമന്ത്രി മുൻപു നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതു കൊണ്ടാണ്, അദ്ദേഹം പാലക്കാട്ടെത്തിയപ്പോൾ സംസാരിക്കാൻ ബിജെപി മൈക്ക് നൽകാതിരുന്നതെന്നു പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠൻ ആരോപിച്ചു. ഗവ.വിക്ടോറിയ കോളജിൽ വിദ്യാർഥികളോടു വോട്ടഭ്യർഥിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ധന വില കുറയ്ക്കൽ, പാചക വാതക വില നിയന്ത്രണം, കോച്ച് ഫാക്ടറി, തൊഴിലില്ലായ്മ പരിഹരിക്കൽ ഉൾപ്പെടെ ഒരു വിഷയത്തിലും പ്രധാനമന്ത്രി ഉറപ്പു പാലിച്ചില്ല.
പ്രധാനമന്ത്രിയുടെ പാലക്കാട് സന്ദർശനം തിരഞ്ഞെടുപ്പിൽ ഓളം സൃഷ്ടിക്കില്ല. ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യാസഖ്യം അധികാരത്തിലെത്തണം. അഭിപ്രായ സർവേകൾ എന്തൊക്കെ പറഞ്ഞാലും ജനങ്ങളുടെ യഥാർഥ സർവേ ഫലം പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.
സ്ഥാനാർഥിയെ കെഎസ്‌യു പ്രവർത്തകർ മാലയിട്ടു സ്വീകരിച്ചു. കോളജ് യൂണിയൻ ചെയർമാൻ അൻഷിഫ് റഹ്മാൻ, ജനറൽ സെക്രട്ടറി പി.ഹരികൃഷ്ണൻ, യുയുസിമാരായ നിതിൻ ഫാത്തിമ, ജി.വിപിൻകുമാർ, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് പി.ജംഷിയ, സെക്രട്ടറി ഇ.കെ.മുഹമ്മദ്, പ്രിയദർശിനി യൂണിറ്റ് സെക്രട്ടറി സി.ദിയ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.