‘ഞാൻ കലയുടെ തീച്ചൂളയിൽ വെന്തുരുകിയ മനുഷ്യൻ’; വിക്ടോറിയ കോളജിൽ മോഹിനിയാട്ടം അവതരിപ്പിച്ച് ആർഎൽവി രാമകൃഷ്ണൻ
Mail This Article
പാലക്കാട്∙ ചമയങ്ങൾ ഇല്ലായിരുന്നെങ്കിലും ആർഎൽവി രാമകൃഷ്ണന്റെ മുഖത്തെ ഭാവങ്ങൾ കാണികളുടെ മുഖത്തും വിരിഞ്ഞു. പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥികളുടെ അഭ്യർഥനയെ തുടർന്നാണു കാലിൽ ചിലങ്ക അണിയാതെ, മുഖം മിനുക്കാതെ, കണ്ണിൽ കരിമഷി ഇല്ലാതെ ആർഎൽവി രാമകൃഷ്ണൻ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. കലയിലൂടെ പ്രതിരോധം തീർത്തു താൻ മുന്നേറുമെന്നു വ്യക്തമാക്കുന്ന ചുവടുകൾ. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള വിരഹ ദുഃഖം അവതരിപ്പിച്ചു വേദിയിലിരുന്ന രാമകൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. കുട്ടികൾ എഴുന്നേറ്റു നിന്ന് തങ്ങൾ ഒപ്പമുണ്ടെന്ന അർഥത്തിൽ നിർത്താതെ കയ്യടിച്ചു.
ഇന്നലെ ഉച്ചയ്ക്കു വിക്ടോറിയ കോളജിലെത്തിയ അദ്ദേഹത്തെ മുദ്രാവാക്യങ്ങൾ മുഴക്കിയാണു കുട്ടികൾ വരവേറ്റത്. കലയ്ക്കു നിറമോ മതമോ ഇല്ലെന്ന് അവർ ഒന്നുചേർന്ന് ആവർത്തിച്ചു. കോളജ് ഡേ ഉദ്ഘാടനം ചെയ്ത അദ്ദേഹം കുട്ടികൾക്കു മുൻപിൽ തന്റെ ജീവത കഥ പറഞ്ഞു. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും 8 മക്കളിൽ ഇളയവരായിരുന്നു കലാഭവൻ മണിയും രാമകൃഷ്ണനും. ഉപ്പുമാവ് സ്കൂളിൽ നിന്നു കിട്ടുമെന്നതിനാൽ 6 വയസ്സ് തികയുന്നതിനു മുൻപു തന്നെ ചേട്ടൻ കലാഭവൻ മണിയോടൊപ്പം സ്കൂളിലെത്തി.
അന്നു സ്കൂളിൽ നൃത്ത അധ്യാപിക പഠിപ്പിക്കുന്നതു നോക്കി നിന്നാണ് നൃത്തത്തിന്റെ ബാല പാഠങ്ങൾ പഠിച്ചത്.അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നൃത്തം പഠിക്കണമെന്ന ആഗ്രഹം തോന്നിയതോടെ ഓട്ടോ കഴുകിയും പറമ്പിലെ കൃഷികൾക്കു വെള്ളം ഒഴിച്ചും പണം കണ്ടെത്തി. പത്താം ക്ലാസിൽ, ആദ്യമായി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തായിരുന്നു നൃത്ത അരങ്ങേറ്റം. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ഭരതനാട്യത്തിനു സീറ്റു കിട്ടാതെ വന്നതോടെ മോഹിനിയാട്ടം പഠിച്ചു.ക്ലാസിൽ ഒന്നാമനായി തന്നെയായിരുന്നു നൃത്തത്തിലെ ഉപരിപഠനം. ആർഎൽവി കോളജിൽ തന്നെ ആദ്യത്തെ പുരുഷ മോഹിനിയാട്ട അധ്യാപകനുമായി.
ആട്ടത്തിലെ ആൺ വഴികൾ എന്ന വിഷയത്തിലാണു പിഎച്ച്ഡി സ്വന്തമാക്കിയത്.കലാമണ്ഡലത്തിൽ ആദ്യം അഡ്മിഷൻ നിഷേധിച്ചും തന്റെ മാർക്ക് തിരുത്തിയും പലരും തന്നെ വേട്ടയാടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലയുടെ തീച്ചൂളയിൽ വെന്തുരുകിയ മനുഷ്യനാണു താനെന്നും തീയിൽ മുളച്ചതു വെയിലത്തു വാടില്ലെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വിക്ടോറിയയിലെ കുട്ടികൾ നിറകണ്ണുകളോടെ കരഘോഷം മുഴക്കി. കോളജ് യൂണിയൻ ചെയർമാൻ അൻഷിഫ് റഹ്മാൻ, പ്രിൻസിപ്പൽ പ്രഫ.സി.ബാബുരാജ്, സന്തോഷ് ട്രോഫി താരം രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.