ADVERTISEMENT

പത്തിരിപ്പാല ∙ ഭാരതപ്പുഴയിൽ 5 പഞ്ചായത്തുകളുടെ ശുദ്ധജലവിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഞാവളിൻകടവ് തടയണയിൽ ജലനിരപ്പ് താഴ്ന്നത് ആശങ്കയ്ക്കിടയാക്കുന്നു. 5 അടി ഉയരമുള്ള തടയണയിൽ വെറും 4 ദിവസം വിതരണത്തിനുള്ള വെള്ളം മാത്രമേ ഉള്ളൂ എന്നാണ് പമ്പ് ഓപ്പറേറ്റർ പറയുന്നത്. ലക്കിടിപേരൂർ, മണ്ണൂർ, മങ്കര, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്തുകളിലേക്കും തരൂർ പഞ്ചായത്തിലേക്ക്  ഒന്നിടവിട്ട ദിവസങ്ങളിലും ജലവിതരണം നടത്തുന്നത് ‍‍‍ഞാവളിൻകടവിൽ നിന്നാണ്. 

പുഴയില്‍ വെള്ളം കുറവായതിനാല്‍ ഒരാഴ്ചയായി പ്രദേശത്തെ പമ്പിങ് സ്റ്റേഷനുകളില്‍ പമ്പിങ് സമയം കുറച്ചു.  പേരൂർ പള്ളംതുരുത്ത് തടയണ പൂർണമായി വറ്റിക്കിടക്കുന്നതിനാൽ ലക്കിടിപേരൂർ പഞ്ചായത്തിലെ പേരൂർ മേഖല വലിയ ആശങ്കയിലാണ്. ജല അതോറിറ്റി, ജലനിധി പദ്ധതികളുടെ 3 പമ്പിങ് സ്റ്റേഷൻ ഈ പുഴയോരത്തുണ്ട്. മണ്ണൂർ പഞ്ചായത്തിലേക്ക് 24 മണിക്കൂറും ജലവിതരണം നടത്തിവരുന്നു.   ഈ പമ്പിങ് സ്റ്റേഷനിലേക്കു ജലനിരപ്പ് താഴ്ന്നതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല, കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ചു ചാലെടുത്താണ് നിലവിൽ വെള്ളം കിണറ്റിലേക്ക് എത്തിച്ചിരിക്കുന്നത്.

ജലനിധി പദ്ധതിയിൽ മങ്കര, മണ്ണൂർ, ലക്കിടിപേരൂർ പഞ്ചായത്തുകളിലേക്കു പമ്പിങ് നടത്തുന്ന പദ്ധതിയിലേക്കും വെള്ളം കുറയാന്‍ തുടങ്ങി. പുഴയില്‍ തൊഴിലാളികളെ ഉപയോഗിച്ചു ചാലെടുത്താണ് വെള്ളം താല്‍ക്കാലികമായി എത്തിക്കുന്നത്.   പുഴയുടെ മറുകരയില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതിക്കും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ പമ്പിങ് ഭാഗികമായി നിലച്ചിരിക്കയാണ്.  5 പഞ്ചായത്തുകളിലുമായി പതിനായിരക്കണക്കിനു കുടുംബങ്ങളാണ് ഈ പദ്ധതിയെ ആശ്രയിക്കുന്നത്.  ശുദ്ധജലവിതരണത്തില്‍ പ്രതിദിനം 30 ലക്ഷം ലീറ്ററിന്റെ കുറവാണ് അധികൃതര്‍ പറയുന്നത്.

പുഴയില്‍ മണ്ണും മണലും നിറഞ്ഞു കിടക്കുന്നതിനാല്‍ ജലസംഭരണശേഷിയും കുറവാണ്.   പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെ സമീപ പ്രദേശങ്ങളിലും വെള്ളത്തിന്റെ ആവശ്യക്കാര്‍ ഏറെയാണ്. ചൂടു കൂടുന്നതിനാല്‍ വരും ദിവസങ്ങളില്‍ പുഴ വറ്റിപ്പോകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. മലമ്പുഴ ഡാം തുറന്നാല്‍ തന്നെ മറ്റു തടയണകള്‍ നിറഞ്ഞു മങ്കര അതിര്‍ക്കാടില്‍ വെള്ളം എത്താന്‍ ദിവസങ്ങളെടുക്കും. ആളിയാറില്‍ നിന്നു കൂടൂതല്‍ വെള്ളം ലഭിച്ചാല്‍ മാത്രമേ ഭാരതപ്പുഴയിലെ ശുദ്ധജല വിതരണ പദ്ധതികളുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയൂ.

4 ദിവസത്തേക്ക് ഉള്ള വെള്ളം മാത്രം
തടയണയിൽ നിലവിൽ ഉള്ളത് 4 ദിവസം വിതരണം ചെയ്യാനുള്ള ജലം മാത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com