ADVERTISEMENT

പാലക്കാട് ∙ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആര്? പ്രവർത്തകർ ജില്ലാ നേതൃത്വത്തോടും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോടും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോടും ഈ ചോദ്യം ചോദിക്കാൻ തുടങ്ങി നാളുകളായി. ഉത്തരം കിട്ടിയിട്ടു വേണം ചുമരെഴുത്തിൽ സ്ഥാനാർഥിയുടെ പേരു ചേർക്കാൻ. മണ്ഡലത്തിൽ ബിജെപി നേതൃത്വത്തിലുള്ള എ‍ൻഡിഎ സ്ഥാനാർഥിയുടെ പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയിലും മുന്നണിയിലും മുറുമുറുപ്പു ശക്തമാണ്. 

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൂട്ടലും കിഴിക്കലുമൊക്കെ പരിഗണിച്ചാകും സ്ഥാനാർഥിയെന്നു സംസാരമുണ്ടെങ്കിലും പ്രഖ്യാപനം ഇത്രയും വൈകുന്നതു പ്രവർത്തകർക്കും ജില്ലാ നേതൃത്വത്തിലും അത്ര ബോധിച്ചിട്ടില്ല. പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സി.കൃഷ്ണകുമാ‍ർ പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും പ്രചാരണ രംഗത്തു സജീവമാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട തൃത്താല നിയമസഭാ മണ്ഡലം ജില്ലയിലാണ്.

എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തി റോഡ് ഷോ നടത്തിയപ്പോഴും ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനം ആകാത്തതു ചർച്ചയായിരുന്നു. ഇതേക്കുറിച്ചു പാർട്ടി നേതാക്കളോട് ചോദിച്ചപ്പോൾ ദേശീയ തലത്തിൽ നിന്ന് ഉടൻ തീരുമാനം ഉണ്ടാകുമെന്നായിരുന്നു മറുപടി. 

ആലത്തൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണ രംഗത്തു സജീവമാണ്. മണ്ഡലത്തിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ഥാനാർഥി ആരെന്ന് അറിയാതെയുള്ള പ്രവർത്തനം പാർട്ടിക്കാർക്കു പോലും അത്ര ബോധ്യപ്പെട്ടിട്ടില്ല. സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കുമോ, സഖ്യ കക്ഷികളിലെ നേതാക്കളാരെങ്കിലും മത്സരത്തിനെത്തുമോ എന്നതിലൊന്നും ഇതുവരെ വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com