ADVERTISEMENT

ആലത്തൂർ ∙ കാഴ്ചവട്ടങ്ങളിൽ ചന്തം നിറച്ചു കാവശ്ശേരി പൂരം കൊണ്ടാടി. പുലർച്ചെ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം ബ്രാഹ്മണ സമൂഹത്തിന്റെ വേദപാരായണം കഴിഞ്ഞു പഞ്ചാരിമേളം തുടങ്ങി. കഴനി ദേശത്തിന്റെ കുതിരയെ അണിയിക്കാനുള്ള കിണ്ണം ആന, പൂക്കാവടി, ശിങ്കാരിമേളം എന്നിവയോടെ എഴുന്നള്ളിച്ചു. ഉച്ചയ്ക്കു കഴനി ചുങ്കം കേന്ദ്രീകരിച്ചു ദേശങ്ങളുടെ ഈടുവെടി മുഴങ്ങിയതോടെ പൂരവിളംബരമായി.

ഉച്ചകഴിഞ്ഞു ക്ഷേത്ര സന്നിധിയിൽ നിന്നു ശ്രീമൂലസ്ഥാനമായ കൂട്ടാലയിലേക്കു തിടമ്പ് എഴുന്നള്ളിച്ചു. പട്ടവും തിടമ്പും അണിഞ്ഞ് ഒറ്റച്ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ചിറക്കൽ കാളിദാസനെ കൂട്ടാലയിലേക്ക് എഴുന്നള്ളിച്ചു. അവിടെ കേളിപറ്റിനു ശേഷം പഞ്ചവാദ്യം തുടങ്ങി. 9 ആനകൾ അണിനിരന്നു. ചിറക്കൽ കാളിദാസനെ ക്ഷേത്രം മേൽശാന്തി രാമചന്ദ്രഭട്ട് തിടമ്പ് അണിയിച്ചു. തുടർന്നു പരക്കാട്ട് തങ്കപ്പമാരാർ, വൈക്കം ചന്ദ്രൻ, കോട്ടക്കൽ രവി, തൃപ്പാളൂർ ശിവൻ, തിരുവില്വാമല ഹരി, പാഞ്ഞാൾ വേലുക്കുട്ടി എന്നിവരുടനെ നേതൃത്വത്തി‍ൽ പഞ്ചവാദ്യത്തോടെ കൂട്ടാലയിൽ നിന്ന് എഴുന്നള്ളത്ത് തുടങ്ങി.

വൈകിട്ട് എഴുന്നള്ളത്ത് ഈടുവെടിയാൽ പരിസരത്ത് എത്തിയശേഷം പകൽപ്പൂര കമ്മിറ്റിയുടെ വെടിക്കെട്ടു നടന്നു. തുടർന്ന് എഴുന്നള്ളത്ത് കീഴാൽത്തറയിൽ എത്തി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. കലാമണ്ഡലം ബലരാമൻ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവരുടെ ഡബിൾ തായമ്പക അരങ്ങേറി.രാത്രി തണ്ടാൻ സമുദായാംഗങ്ങൾ കുത്തുവിളക്കുമായി കഴനി, വാവുള്ള്യാപുരം ദേശങ്ങളെ ക്ഷണിക്കാൻ പോയി. 

കഴനി, വാവുള്യാപുരം, കാവശ്ശേരി ദേശക്കാർ അവരവരുടെ ദേശക്കുതിരകളെ രാത്രി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിച്ച് പരിവാര സമേതം കാവുകയറി.ആന എഴുന്നള്ളത്ത് കാവുകയറുന്നതോടെ കമ്മാളൻ കുതിരയുടെ സാന്നിധ്യത്തിൽ 3 ദേശക്കുതിരകളും പരിവാരങ്ങളും ക്ഷേത്രം വലം വച്ച് കാവിറങ്ങി സ്വന്തം ദേശങ്ങളിലേക്ക് മടങ്ങും. ഇതോടെ നടയടയ്ക്കും. ഇനി ഏഴാം ദിവസം പഴം പൂരത്തിനായി നട തുറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com