ADVERTISEMENT

മണ്ണാർക്കാട്∙ നഗരസഭയുടെ നികുതി കുടിശിക പിരിവിൽ നിന്നു സർക്കാർ സ്ഥാപനങ്ങൾക്കും രക്ഷയില്ല.    10 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിനു നോട്ടിസ്. നഗരസഭയ്ക്കു കത്തയയ്ക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത്.മണ്ണാർക്കാട് നഗരസഭ നിലവിൽ വന്ന 2016 മുതലുള്ള നികുതിയും കുടിശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കെട്ടിടം ഉടമകൾക്കു നൽകുന്ന ഡിമാൻഡ് നോട്ടിസിനൊപ്പമാണു മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിനും നോട്ടിസ് ലഭിച്ചത്. 

മണ്ണാർക്കാട് ബ്ലോക്ക് ഓഫിസിന് 1,43,596 രൂപയും പുതിയ കെട്ടിടത്തിന് 4,31,752 രൂപയും വെറ്ററിനറി ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന് 2,37,498 രൂപയും അടയ്ക്കാനാണു നോട്ടിസ് ലഭിച്ചിട്ടുള്ളത്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൃഷി അസി.ഡയറക്ടറുടെ ഓഫിസിന് 1,77,756 രൂപയും ഐആർഡിപി റൂമിന് 22,857 രൂപയും വയോജന വിശ്രമകേന്ദ്രത്തിന് 25,149 രൂപയും ഉൾപ്പെടെ 10,38,588 രൂപ 31നകം അടയ്ക്കാനാണു ബ്ലോക്ക് പ‍ഞ്ചായത്തിനു നൽകിയ ഡിമാൻഡ് നോട്ടിസിൽ പറയുന്നത്. 

നഗരസഭയുടെ കത്തു ശനിയാഴ്ച ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്യുകയും മറുപടി അയയ്ക്കാൻ അടുത്ത ദിവസം ചേരുന്ന ഭരണ സമിതി യോഗത്തിൽ തീരുമാനിക്കാൻ നിർദേശിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു നികുതി കേട്ടുകേൾവിയില്ലാത്തതാണെന്നാണു  അധികൃതൻ പറയുന്നത്. ഈ തുക മാർച്ച് 31ന് മുൻപ് അടയ്ക്കാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയ്ക്കു കത്തയയ്ക്കും. 

എന്നാൽ, മുനിസിപ്പൽ ആക്ടിൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കു നികുതി അടയ്ക്കാൻ ചട്ടത്തിൽ പറയുന്നുണ്ടെന്നാണു നഗരസഭയുടെ വിശദീകരണം. അങ്ങനെയെങ്കിൽ നഗരസഭ നിലവിൽ വന്ന് എട്ടു വർഷം വരെ എന്തുകൊണ്ടു നികുതി സ്വീകരിക്കുകയോ ഡിമാൻഡ് നോട്ടിസ് അയയ്ക്കുകയോ ചെയ്തില്ലെന്ന ചോദ്യത്തിനു നഗരസഭ വ്യക്തമായ മറുപടി നൽകിയില്ലെന്നു ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ചട്ടം ഇങ്ങനെ
മുനിസിപ്പൽ ആക്ടിൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കു നികുതി അടയ്ക്കാൻ ചട്ടം പറയുന്നുണ്ടെന്നാണു നഗരസഭയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com