പുഴകളിലേക്ക് ജലം ലഭ്യമാക്കണം: ജലവിഭവ വകുപ്പിനോട് ജല അതോറിറ്റി
Mail This Article
പാലക്കാട് ∙ പമ്പിങ്ങിനാവശ്യമായ വെള്ളം ഇല്ലാതെ ശുദ്ധജല വിതരണ പദ്ധതികൾ കടുത്ത പ്രതിസന്ധിയിലെന്നും ചിറ്റൂർപ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും അടിയന്തരമായി ജലം ലഭ്യമാക്കണമെന്നും ജല അതോറിറ്റി ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടു. ശുദ്ധജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണു നടപടി.
മതിയായ ജലം താഴേക്കൊഴുക്കി പുഴകളിൽ നീരൊഴുക്ക് ഉറപ്പാക്കിയില്ലെങ്കിൽ ശുദ്ധജല പമ്പിങ് സ്തംഭിക്കുമെന്നാണു മുന്നറിയിപ്പ്. ചിറ്റൂർപ്പുഴയെ ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികളിൽ ഏതാനും ദിവസത്തെ പമ്പിങ്ങിന് ആവശ്യമായ ജലമാണുള്ളത്. താഴെ ഭാരതപ്പുഴയിൽ ഞാവളംകടവ് തടയണയിൽ ശുദ്ധജല പ്രതിസന്ധി രൂക്ഷമാണ്. ഇവിടെ തടയണയിൽ ഒരു മീറ്റർ താഴ്ചയിൽ പുതിയ പൈപ്പിട്ട് ഉള്ള വെള്ളം കിണറ്റിലെത്തിക്കാൻ ശ്രമം തുടങ്ങി. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ സഹായത്തോടെ ജല അതോറിറ്റിയാണു പ്രവൃത്തി നടപ്പാക്കുന്നത്.
തടയണയിൽ മൂന്നോ, നാലോ ദിവസത്തെ പമ്പിങ്ങിനാവശ്യമായ ജലം മാത്രമേ ശേഷിക്കുന്നുള്ളൂ. പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ, ലക്കിടി പേരൂർ, മണ്ണൂർ, മങ്കര പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണമാണു കടുത്ത പ്രതിസന്ധി നേരിടുന്നത്. ശുദ്ധജല വിതരണ പദ്ധതികൾ ഒന്നൊന്നായി പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും ചിറ്റൂർപ്പുഴ വഴി കൂടുതൽ വെള്ളം താഴേക്ക് ഒഴുക്കാൻ നടപടിയില്ല.
മൂലത്തറ വഴി ലഭിക്കുന്ന ആളിയാർ ജലം അടിയന്തരമായി രണ്ടോ, മൂന്നോ ദിവസത്തേക്കെങ്കിലും ചിറ്റൂർപ്പുഴ വഴി താഴേക്ക് ഒഴുക്കണമെന്ന നിർദേശമാണു ജല അതോറിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. ഭാരതപ്പുഴയിലേക്കു മലമ്പുഴ ഡാമിൽ നിന്നെങ്കിലും ജലം എത്തിക്കാൻ നടപടി വേണമെന്നു വീട്ടുകാരും ആവശ്യപ്പെടുന്നു.
ശുദ്ധജല പ്രതിസന്ധി രൂക്ഷമായിട്ടും പ്രശ്ന പരിഹാരത്തിന് ഏകോപിത ശ്രമങ്ങൾ ഉണ്ടാകുന്നില്ല. വെള്ളം ലഭ്യമാക്കൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനിക്കാവുന്ന ഒന്നല്ല. കുന്നങ്കാട്ടുപതി, ചിറ്റൂർ പുഴയ്ക്കൽ, താഴെയുള്ള കൊടുമ്പ് മിഥുനംപള്ളം, കണ്ണാടി പുഴയ്ക്കൽ തടയണകളിലെല്ലാം ജലനിരപ്പ് വൻതോതിൽ താഴ്ന്നു തുടങ്ങിയിട്ടുണ്ട്.