ആനവായ് ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു
Mail This Article
അഗളി ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി വനത്തിലെ ആനവായ് വിദൂര ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. മണ്ണാർക്കാട്- ആനക്കട്ടി റോഡിലെ മുക്കാലി കവലയിൽ നിന്ന് 12 കിലോമീറ്റർ ദൂരെ സൈലന്റ്‌വാലി ദേശീയോദ്യാനത്തോടു ചേർന്നാണ് കുറുമ്പ ഗോത്ര ഊരുകളുള്ള ആനവായ് വനമേഖല. 6.2 കോടി രൂപ ചെലവിൽ ഭൂഗർഭ കേബിൾ വഴിയാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചത്.
ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിലൂടെയാണ് 11 കെവി കേബിൾ സ്ഥാപിച്ചിരിക്കുന്നത്. വിദൂര ഊരുകളായ തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ എന്നിവിടങ്ങളിൽ വൈദ്യുതീകരണം പൂർത്തിയായി. 4 വിതരണ ട്രാൻസ്ഫോമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 206 എ ടൈപ്പ് ഇരുമ്പ് തൂണുകളും 145 കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ചു. 2023 ഫെബ്രുവരിയിൽ പ്രവൃത്തി തുടങ്ങി. ജൂലൈയിൽ കേബിൾ സ്ഥാപിച്ചു. ഒക്ടോബറിൽ കെഎസ്ഇബി ജോലി പൂർത്തിയാക്കി.
ഐടിഡിപിയാണ് വീടുകളുടെ വയറിങ് നടത്തിയത്. ഇതിനിടെ ബിഎസ്എൻഎൽ കേബിളിട്ടപ്പോൾ 11 കെവി കേബിളുകൾക്ക് കേടുപറ്റിയത് നന്നാക്കേണ്ടി വന്നു. മേലെ ആനവായ്, താഴെ ആനവായ് ഊരുകളിലെ 92 വീടുകളിൽ കഴിഞ്ഞ ദിവസം വൈദ്യുതി വിളക്ക് തെളിഞ്ഞു. ശേഷിക്കുന്ന വീടുകൾക്കും ഉടൻ കണക്‌ഷൻ നൽകും. പട്ടികവർഗ വകുപ്പിന്റെ ധനസഹായത്തോടെയാണു പദ്ധതി.