അന്തർധാര ശക്തം; കേരളത്തിലേക്ക് ഇ.ഡി. വരില്ലെന്നു രമേശ് ചെന്നിത്തല
Mail This Article
ആലത്തൂർ ∙ മോദിയും പിണറായിയും തമ്മിലുള്ള അന്തർധാര ശക്തമായതിനാൽ സംസ്ഥാനത്ത് അന്വേഷണത്തിന് ഇ.ഡി.വരില്ലെന്ന് എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്തുകേസിന്റെ ഗതി നോക്കിയാൽ ഈ സാഹചര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഒാഫിസ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ജനാധിപത്യവിരുദ്ധവും അഴിമതി നിറഞ്ഞതുമായ ഭരണം നടത്തുന്ന മോദിയെയും പിണറായിയെയും ജനത്തിനു മടുത്തു. സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു വിജയിക്കാനല്ല, പാർട്ടിചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ്. ചിഹ്നം നിലനിർത്താൻ വോട്ടുനേടണമെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ ആഹ്വാനം പാർട്ടി നേതൃത്വത്തിന്റെ ആശങ്കയാണു കാണിക്കുന്നത്. സ്വന്തം ചിഹ്നത്തിലുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കും ഇത്.
നിത്യജീവിതം അങ്ങേയറ്റം ദുരിതത്തിലാക്കിയ പിണറായി, നരേന്ദ്ര മോദി സർക്കാരുകൾക്കുള്ള താക്കീതായിരിക്കും തിരഞ്ഞെടുപ്പ്. തങ്ങളുടെ പാർട്ടിയിൽ ചേർന്നാൽ ഏത് അഴിമതിയും കഴുകിക്കളയുന്ന വാഷിങ് മെഷീനായി ബിജെപി മാറി. ഇന്ത്യ മുന്നണി നേതാക്കളായതുകൊണ്ടു മാത്രം രണ്ടു മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തു. പാർട്ടി വിട്ടില്ലെങ്കിൽ ജയിലിലാകുമെന്നു കോൺഗ്രസ് നേതാവ് അശോക് ചവാൻ തന്നോടു പറഞ്ഞിരുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മതന്യൂനപക്ഷങ്ങളുടെ മുഴുവൻ അവകാശങ്ങളും ബിജെപി കവർന്നെടുക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു പ്രസക്തിയില്ലാതായി. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത പ്രതിസന്ധിയിലേക്കു പിണറായി സംസ്ഥാനത്തെ എത്തിച്ചു. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റും യുഡിഎഫ് നേടുമെന്നും ചെന്നിത്തല പറഞ്ഞു.