ഒലവക്കോട് റെയിൽവേ സ്റ്റേഷൻ; പ്രീ പെയ്ഡ് ഓട്ടോ ബൂത്ത് അടച്ചു
Mail This Article
ഒലവക്കോട് ∙ കോവിഡ് കാലത്ത് പ്രവർത്തനരഹിതമായ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പ്രീ പെയ്ഡ് ഓട്ടോ ബൂത്ത് യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചത് വീണ്ടും അടഞ്ഞു. ഒരു മാസത്തോളമായി അടഞ്ഞതോടെ യാത്രക്കാർ നിലവിൽ ദുരിതത്തിലാണ്. ബൂത്ത് പ്രവർത്തിക്കുമ്പോൾ ടോക്കൺ എടുത്തു മുൻഗണനാ ക്രമത്തിൽ യാത്രക്കാർക്ക് ഓട്ടോ കിട്ടുന്നത് വലിയ ആശ്വാസമാണ്. കൂടാതെ സർക്കാർ നിശ്ചയിച്ച നിരക്കായതിനാൽ അതു സംബന്ധിച്ച തർക്കവും ഉണ്ടാവില്ല.
ബൂത്ത് പ്രവർത്തിക്കാതായതോടെ നിലവിൽ സ്റ്റേഷനു പുറത്തെ വഴിയിൽ നിൽക്കുന്ന ഓട്ടോകളാണ് യാത്രക്കാർക്ക് ആശ്രയം. ഇവയിൽ മിക്ക ഓട്ടോകളും ട്രെയിൻ വരുന്ന സമയത്തു മാത്രമാണ് സ്റ്റേഷനിലേക്കു വരുന്നത്. സ്ഥിരമായി സ്റ്റേഷനു പുറത്ത് നിർത്തിയിട്ടാൽ മറ്റു ഓട്ടങ്ങൾ നഷ്ടപെടുമെന്നതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നത്. പുറത്തുള്ള ഓട്ടോ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിത നിരക്കാണ് ഈടാക്കുന്നത്. ഓരോരുത്തരും തോന്നിയപോലെ നിരക്ക് ഈടാക്കുന്നതായും യാത്രക്കാർ പറയുന്നു. തുക പറയാതെയാണ് യാത്രക്കാരെ സ്റ്റേഷനിൽ നിന്നു കയറ്റുക. തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വലിയ ചാർജ് ചോദിക്കുന്നതോടെ യാത്രക്കാരുമായി തർക്കമുണ്ടാകും.
മറ്റു ജില്ലകളിൽ നിന്നു വരുന്ന യാത്രക്കാരിൽ നിന്നാണു മിക്കപ്പോഴും അമിത തുക ഈടാക്കുക. തുക പറയുന്നവരാണെങ്കിൽ റിട്ടേൺ തുക കൂട്ടാതെയാകും പറയുക. ഇത്തരത്തിൽ 50 രൂപ പറഞ്ഞ് സ്ഥലത്ത് ഇറങ്ങുമ്പോൾ 100 രൂപയാകും ചോദിക്കുക. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബൂത്ത് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലാണു സ്റ്റേഷനിൽ പ്രീ പെയ്ഡ് ബൂത്ത് പ്രവർത്തിക്കുന്നത്. ഇവിടെ ട്രാഫിക് പൊലീസിന്റെ സേവനവും ഉണ്ടാകും.