ചിറ്റൂർപ്പുഴയിലെ നീരൊഴുക്കിൽ നേരിയ വർധന
Mail This Article
പാലക്കാട് ∙ പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കാതെ ശുദ്ധജല വിതരണം കടുത്ത പ്രതിസന്ധിയിലായതോടെ ചിറ്റൂർപ്പുഴ വഴി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് നേരിയ തോതിൽ ഉയർത്തി. 5 സെന്റിമീറ്റർ ഉയർത്തിവച്ചിരുന്ന ഷട്ടർ ഇപ്പോൾ 10 സെന്റിമീറ്റർ ആക്കി. ഈ മാസം 30 വരെ ഈ അളവിലാകും പുഴയിലേക്കു വെള്ളം ഒഴുക്കുന്നത്. നിലവിൽ മൂലത്തറയിൽനിന്നു വലതുകര കനാൽ വഴി വെള്ളം നൽകുന്നതു 30 വരെ തുടരും. ശേഷം ലഭിക്കുന്ന വെള്ളം പൂർണമായി താഴെ പുഴയിലേക്ക് ഒഴുക്കുമെന്നാണു ജലവിഭവ വകുപ്പിന്റെ അറിയിപ്പ്.
ഭാരതപ്പുഴയിലെ ശുദ്ധജല വിതരണ പദ്ധതികളും പ്രതിസന്ധിയിലാണ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ സഹായത്തോടെ ഞാവളംകടവ് തടയണയിൽ ഒരു മീറ്റർ താഴ്ചയിൽ ചാലുണ്ടാക്കിയാണു പമ്പിങ് കിണറ്റിലേക്കു വെള്ളം എത്തിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ, ലക്കിടി പേരൂർ, മണ്ണൂർ, മങ്കര പഞ്ചായത്തുകളിലേക്ക് ഇവിടെ നിന്നാണു ശുദ്ധജല വിതരണം. പ്രതിദിനം 60 ലക്ഷം ലീറ്റർ ശുദ്ധജലം നൽകേണ്ട പദ്ധതിയിൽനിന്നു നിലവിൽ 15 ലക്ഷം ലീറ്റർ വെള്ളം പോലും നൽകാനാകുന്നില്ല.
ചിറ്റൂർപ്പുഴ വഴി നേരിയ തോതിൽ ജലം ഒഴുക്കിയതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതും ജനങ്ങളെയും ജല അതോറിറ്റിയെയും ഒരുപോലെ വലയ്ക്കുന്നു. ഇനി വേനൽക്കാലം കഴിയും വരെ ചിറ്റൂർപ്പുഴ വഴി ജലമൊഴുക്ക് ഉറപ്പാക്കിയില്ലെങ്കിൽ ശുദ്ധജല വിതരണ പദ്ധതികൾ സ്തംഭനത്തിലാകുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകിയിട്ടുണ്ട്.