മോദിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കുന്നു: ചെന്നിത്തല
Mail This Article
ആലത്തൂർ∙ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നവരുടെ നിഴലുകൾ മാത്രമേ അങ്ങോട്ടു പോകുന്നുള്ളൂവെന്ന് എഐസിസി വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് മാസത്തിനുള്ളിൽ 2 മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ചു. മോദിക്കെതിരെ ആര് സംസാരിച്ചാലും നിശ്ശബ്ദരാക്കാനുള്ള നടപടിയുമായാണ് മുന്നോട്ടു പോകുന്നത്.
രണ്ട് തരത്തിലുള്ള ആളുകളാണ് കോൺഗ്രസ് വിട്ട് പോകുന്നത്. ഒന്ന് അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരക്കം പായുന്ന അധികാരമോഹികൾ, രണ്ട് ഇഡി, സിബിഐ, ഇൻകംടാക്സുകാരുടെ നോട്ടിസ് വരുന്നവർ. പാർട്ടിയിൽ നിന്നാൽ നോട്ടിസും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ സംരക്ഷണവും നൽകും.
നേരത്തെ നരേന്ദ്രമോദി നൽകിയ ഗാരന്റികൾ ഒന്നും നടപ്പിലായില്ല. ഇപ്പോൾ പുതിയ ഗാരന്റിയുമായി വന്നിരിക്കുകയാണ്. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം കണ്ടുകെട്ടി 15 ലക്ഷം വീതം പൗരൻമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുമെന്ന വാഗ്ദാനം നടപ്പിലായോ ? രമേശ് ചെന്നിത്തല ചോദിച്ചു. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യ വ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കുകയും ഏകാധിപത്യം അടിച്ചേൽപിക്കുകയും ചെയ്യും.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംപി വി.എസ്.വിജയരാഘവൻ, കെ.എ.ചന്ദ്രൻ, മുൻ മന്ത്രി വി.സി.കബീർ, കെ.അച്യുതൻ, ജോസഫ് ചാലിശ്ശേരി, കെപിസിസി സെക്രട്ടറി കെ.ബാബുരാജ്, ഹരിഗോവിന്ദൻ, എൻ.കെ.സുധീർ, ജില്ലാ കൺവീനർ പി.ബാലഗോപാൽ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
സ്വപ്ന രാമചന്ദ്രൻ, ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ, ആർഎസ്പി ജില്ലാ സെക്രട്ടറി രാജൻ, മോഹൻ കാട്ടാശ്ശേരി, സുരേഷ് വേലായുധൻ, എസ്.അനികുമാർ, സുമേഷ് അച്യുതൻ, പ്രേംനവാസ്, തണികാചലം, കെ.സി.പ്രീത്, എസ്.കൃഷ്ണദാസ്, മാധവൻ, പത്മഗിരീശൻ എന്നിവർ പ്രസംഗിച്ചു.