100 ശതമാനം പോളിങ് ഉറപ്പാക്കാൻ അട്ടപ്പാടിയിലെ ഊരുമൂപ്പന്മാർക്ക് കലക്ടറുടെ കത്ത്
Mail This Article
അഗളി∙
പ്രിയപ്പെട്ട ഊരു മൂപ്പൻ,
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താങ്കളുടെ ഊരിലെ എല്ലാ വോട്ടർമാരും വോട്ട് ചെയ്തു എന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നു.
∙ ഡോ.എസ്.ചിത്ര
ഡിസ്ട്രിക്ട് കലക്ടർ,
പാലക്കാട്
∙ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 100 ശതമാനം പോളിങ് ഉറപ്പാക്കാൻ അട്ടപ്പാടിയിലെ ആദിവാസി ഊരുമൂപ്പന്മാർക്ക് പാലക്കാട് ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര സ്വന്തം കൈപ്പടയിൽ കത്തെഴുതി. അട്ടപ്പാടിയിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ വഴിയാണ് കത്ത് ഊരുകളിൽ എത്തിക്കുന്നത്.
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടരുതെന്നുമുള്ള സന്ദേശവുമായി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങൾ അട്ടപ്പാടിയിലെ ഓരോ ഊരുകളിലൂമെത്തും അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പ്രത്യേകിച്ച് ഗോത്ര ഊരുകളിൽ 100% പോളിങ് ഉറപ്പാക്കുകയാണ് ലക്ഷ്യം. കലക്ടറുടെ കത്ത് ക്ലബ് അംഗങ്ങൾ മൂപ്പന് നേരിട്ട് കൈമാറും
ആദ്യ കത്ത് ഇന്നലെ വിദൂര ഗോത്ര ഊരായ പുതൂർ പഞ്ചായത്തിലെ ഊരടം ഊരു മൂപ്പൻ ഭീമനു കൈമാറി. പ്രാക്തന ഗോത്രവർഗക്കാരായ കുറുമ്പരാണ് ഇവിടെ താമസിക്കുന്നത്. അഗളിയിൽ നിന്നു തമിഴ്നാട്ടിലൂടെ 100 കിലോമീറ്റർ സഞ്ചരിക്കണം ഊരിലെത്താൻ. 2 കുടുംബങ്ങളിലായി 7 പേരെ ഊരിൽ താമസമുള്ളൂ. വോട്ടിനും ഇത്ര ദൂരം സഞ്ചരിക്കണം.16 കുടുംബങ്ങൾ മേലെ ചാവടിയൂരിൽ താമസിക്കുന്നു.
സ്വീപ്പ് ജില്ലാ നോഡൽ ഓഫിസർ അസി. കലക്ടർ ഒ.വി.ആൽഫ്രഡ്, ഇലക്ടറൽ ലിറ്ററസി ക്ലബ് മാസ്റ്റർ ട്രെയ്നർ ടി.സത്യൻ, ക്യാംപസ് അംബാസഡർമാർ എന്നിവരുമാണ് നേതൃത്വം.