ചിത്രം തെളിഞ്ഞു; ഇനി ഒരു മാസം

Mail This Article
പാലക്കാട് ∙ എന്താ ഒരു ചൂട് ല്ലേ ? ഇതുവരെ പരസ്പരം കാണുമ്പോൾ പാലക്കാട്ടുകാർ ചൂടിനെക്കുറിച്ചാണു ചോദിച്ചിരുന്നതും പറഞ്ഞിരുന്നതും. ഇനി ആ ചൂടുള്ള വിശേഷം ചോദിക്കൽ തിരഞ്ഞെടുപ്പിനെക്കുറിച്ചാകും. ഇനി ഒരു മാസം മാത്രമേ സമയമുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ഏപ്രിൽ 26ന് കേരളം പോളിങ് ബൂത്തുകളിലെത്തും.

നിർണായക തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പൊരിഞ്ഞ പോരാട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. ആളും അരങ്ങും ഒരുങ്ങി. ചിത്രവും ചുമരെഴുത്തും വ്യക്തമായിത്തുടങ്ങി. ചുമരെഴുത്തിൽ ഒഴിച്ചിട്ട സ്ഥലങ്ങളിൽ സ്ഥാനാർഥികളുടെ പേരു ചേർത്തു തുടങ്ങി. ഇനിയങ്ങോട്ടു തിരഞ്ഞെടുപ്പിന്റെ പൂരക്കാലമാണ്. ആവേശത്തിന്റെ വെടിക്കെട്ടോടെ തിരഞ്ഞെടുപ്പു പ്രചാരണം മുറുകിത്തുടങ്ങി.

വെയിൽ എത്ര കഠിനമായാലും പാലക്കാട്ടെ പൂരത്തിന് ആളു കുറയാറില്ല. കൂടുകയേ ഉള്ളൂ. അതാണു പാലക്കാടിന്റെ ശീലം. ആ ശീലം തിരഞ്ഞെടുപ്പിലും പതിവാണ്. ഓരോ തിരഞ്ഞെടുപ്പിലും ജനാധിപത്യ ബോധത്തോടെ പാലക്കാട്ടുകാർ വോട്ടു ചെയ്യാനെത്തും.
ഇനിയുള്ള ഒരു മാസം കൈ, മേയ് മറന്നുള്ള പ്രചാരണക്കാലമാണ്. വിലയേറിയ വോട്ടുകളോരൊന്നും തങ്ങളുടെ പെട്ടിയിലാക്കാൻ പ്രവർത്തകർ കളത്തിലിറങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി ജില്ലയിൽ എത്തും.
പാലക്കാട് ലോക്സഭാ മണ്ഡലം
∙പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്ത, സിറ്റിങ് എംപി വി.കെ.ശ്രീകണ്ഠനാണ് യുഡിഎഫ് സ്ഥാനാർഥി. മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ എംപിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എ.വിജയരാഘവനെയാണ് ഇടതു മുന്നണി രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറാണ് എൻഡിഎ സഥാനാർഥി. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നു എന്നു തന്നെ പറയാം. മുന്നണി സ്ഥാനാർഥികളെല്ലാം വിജയമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രചാരണക്കുതിപ്പിലാണ്.
ആലത്തൂർ ലോക്സഭാ മണ്ഡലം
∙ആലത്തൂർ മണ്ഡലത്തിൽ ഇപ്പോൾ കളം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായി സിറ്റിങ് എംപി രമ്യ ഹരിദാസാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ.രാധാകൃഷ്ണനെയാണ് ഇടതു മുന്നണി രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർഥിയായി പാലക്കാട് ഗവ.വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ടി.എൻ.സരസുവാണ് മത്സരരംഗത്തുള്ളത്.