ഹെൽമറ്റ് ധരിച്ചെത്തിയയാൾ ജ്വല്ലറിയിൽനിന്ന് സ്വർണമാലകൾ കൈക്കലാക്കി പുറത്തേക്ക് ഓടി

Mail This Article
ഒറ്റപ്പാലം∙ നഗരത്തിലെ ജ്വല്ലറിയിൽ മിന്നൽ വേഗത്തിൽ കവർച്ച. ടിബി റോഡിലെ പാറയ്ക്കൽ ജ്വല്ലറിയിൽ നിന്നാണു പട്ടാപ്പകൽ ഒരു പവനിലേറെ തൂക്കം വരുന്ന സ്വർണമാല കവർന്നത്. ഹെൽമറ്റ് ധരിച്ചെത്തിയയാൾ അകത്തുകയറി ട്രേയിൽ നിന്നു സ്വർണമാലകൾ കൈക്കലാക്കി പുറത്തേക്ക് ഓടുകയായിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരൻ നിസ്സഹായനായി നോക്കിനിൽക്കെയാണു ട്രേയിൽ പ്രദർശിപ്പിച്ചിരുന്ന 3 മാലകളുമായി മോഷ്ടാവ് പുറത്തേക്കോടിയത്.
മാലകൾ പോക്കറ്റിലിടാൻ ശ്രമിക്കുന്നതിനിടെ രണ്ടെണ്ണം താഴെ വീണു. കയ്യിലുള്ള ഒരു പവനിലേറെ തൂക്കമുള്ള മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ അതിവേഗം സ്ഥലം വിടുകയായിരുന്നെന്നു ജീവനക്കാരൻ പാലപ്പുറം സ്വദേശി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. താഴെ വീണു തിരികെ കിട്ടിയ മാലകൾക്ക് ഒന്നേകാൽ പവൻ തൂക്കം വരും. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു കവർച്ച. ജീവനക്കാരൻ ഉണ്ണിക്കൃഷ്ണൻ മാത്രമാണു സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. ഉണ്ണിക്കൃഷ്ണൻ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ടിബി റോഡിൽ നിന്ന് പാലക്കാട്–കുളപ്പുള്ളി പ്രധാന പാതയിലേക്കാണ് ഇയാൾ സ്കൂട്ടറുമായി പാഞ്ഞത്.
പാന്റ്സും ഷർട്ടുമാണു മോഷ്ടാവിന്റെ വേഷം. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്നു ജീവനക്കാരൻ പറയുന്നു. ഒറ്റപ്പാലം എഎസ്പി രാജേഷ്കുമാർ, ഇൻസ്‌പെക്ടർ ടി.പി.ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജ്വല്ലറിയിലെത്തി പ്രാഥമിക പരിശോധന നടത്തി. ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറകൾക്കു സാങ്കേതിക പ്രശ്‌നമുള്ളതിനാൽ സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മോഷ്ടിച്ച സ്കൂട്ടർ?
ഒറ്റപ്പാലം∙ നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് ആഭരണം കവർന്നയാൾ എത്തിയതു മോഷ്ടിച്ച സ്‌കൂട്ടറിലാണെന്ന നിഗമനത്തിൽ പൊലീസ്. തിങ്കളാഴ്ച രാത്രി ഒറ്റപ്പാലം വരോട്ടു നിന്നു മോഷ്ടിച്ച സ്കൂട്ടറാണിതെന്ന സംശയമാണു ബലപ്പെടുന്നത്. സ്കൂട്ടർ ഉടമയുടെ പരാതിയിൽ അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണു ജ്വല്ലറിയിലും മോഷണം. സ്കൂട്ടർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.