ADVERTISEMENT

ഷൊർണൂർ ∙ ഡിസിസി സെക്രട്ടറിയും നഗരസഭാംഗവുമായ ഷൊർണൂർ വിജയൻ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നു. ഡിസിസി പുനഃസംഘടനയെ ചൊല്ലി നേതൃത്വവുമായുണ്ടായ അഭിപ്രായഭിന്നതയാണു രാജിയിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം ഷൊർണൂരിൽ നിന്നുള്ള യുവ നേതാവിനെ ഡിസിസി ഉപാധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയാണു നേതൃത്വവുമായി ഇട‍ഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചെന്നും ഷൊർണൂർ നിയമസഭാ മണ്ഡലത്തിലേക്കു സജീവമായി പരിഗണിച്ചെങ്കിലും പട്ടിക ഡൽഹിയിലെത്തിയതോടെ അട്ടിമറിച്ചെന്നും ആരോപണമുണ്ട്.

ഇന്നലെ രാവിലെ സിപിഎം ജില്ലാ ആസ്ഥാനത്ത് എത്തിയാണു പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്. ഷൊർണൂർ നഗരസഭ പരുത്തിപ്ര വാർഡിലെ പ്രതിനിധിയും കൗൺസിലിലെ കോൺഗ്രസ് കക്ഷി നേതാവുമായിരുന്നു ഷൊർണൂർ വിജയൻ. നഗരസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തിനു വിധേയമായിട്ടാകും ഇതു സംബന്ധിച്ച് അന്തിമ തീരുമാനം.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചൊവ്വാഴ്ച വൈകിട്ടു കെപിസിസി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ വിജയൻ പങ്കെടുത്തിരുന്നില്ല. യോഗത്തിലേക്കു ക്ഷണിച്ച നേതാവിനോടു പരാതി വിശദമായി അറിയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം. യോഗം തന്റെ അസാന്നിധ്യത്തിലും ചേർന്നതോടെ പാർട്ടി വിടാൻ തീരുമാനമെടുത്തു.

ഇതറിഞ്ഞ സിപിഎം നേതൃത്വം ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെ ഷൊർണൂർ വിജയൻ മണിക്കൂറുകൾക്കകം ഇടതു ക്യാംപിലുമെത്തി. ഇതിനു ശേഷം കെപിസിസി വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ തിരികെ വരാൻ നിർബന്ധിച്ചെങ്കിലും നിരസിച്ചതായി ഷൊർണൂർ വിജയൻ പറഞ്ഞു. കോൺഗ്രസിലേക്ക് ഇനിയൊരു മടക്കമില്ലെന്നാണു പ്രഖ്യാപനം.

1982ൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റായ വിജയൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ഡിസിസി അംഗം എന്നീ ചുമതലകളും വഹിച്ചു. കോൺഗ്രസിലെ കാവിവൽക്കരണത്തിലുള്ള അസംതൃപ്‌തി മൂലമാണ് അദ്ദേഹം സിപിഎമ്മിൽ ചേർന്നതെന്നു ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്‌ബാബു പറഞ്ഞു.

അദ്ദേഹത്തിനു പാർട്ടി ഒരു വാഗ്‌ദാനവും നൽകിയിട്ടില്ലെന്നും ആത്മാഭിമാനം ഉള്ളവർക്കു കോൺഗ്രസിൽ തുടരാനാകില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഷൊർണൂർ വിജയനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ          പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com