പാർട്ടികൾ സൂക്ഷിക്കുക: സ്ഥാനാർഥിയുടെ പ്രഭാതഭക്ഷണം 50 രൂപയിൽ ഒതുക്കണം; ഉച്ചഭക്ഷണത്തിന് 75, രാത്രി 65
Mail This Article
പാലക്കാട് ∙ ഒരു സ്ഥാനാർഥി പത്തടി ഉയരത്തിൽ ഫ്ലക്സ് വച്ചാൽ എതിർ സ്ഥാനാർഥി 20 അടി ഉയരത്തിൽ വയ്ക്കും. ഒരാൾ ചെറിയ മതിലിൽ ചുമരെഴുതിയാൽ ‘വൻമതിൽ’ തേടി അടുത്ത പാർട്ടിക്കാർ ഇറങ്ങും. പക്ഷേ, വാൾ പോസ്റ്റർ തൊട്ട് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വരെ സ്ഥാനാർഥിയുടെ ഓരോ ചെലവും തിരഞ്ഞെടുപ്പു കമ്മിഷൻ രഹസ്യമായും പരസ്യമായും നിരീക്ഷിക്കുന്നുണ്ട്. സ്ഥാനാർഥി ചെലവാക്കുന്നവ, പാർട്ടി ചെലവാക്കുന്നവ, സ്ഥാനാർഥിക്കു വേണ്ടി മറ്റുള്ളവർ ചെലവാക്കുന്നവ എന്നിവയെല്ലാം സ്ഥാനാർഥിയുടെ കണക്കിൽ തന്നെ വരും. തിരഞ്ഞെടുപ്പിനു മുൻപും തിരഞ്ഞെടുപ്പിനു ശേഷവുമെല്ലാം ഈ കണക്ക് കൃത്യമായി പരിശോധിക്കും.
ആകെ ചെലവ് 95 ലക്ഷത്തിൽ ഒതുങ്ങണം
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം മുതൽ വോട്ടെണ്ണൽ വരെ സ്ഥാനാർഥിയുടെ എല്ലാ ചെലവും 95 ലക്ഷം രൂപയിൽ ഒതുങ്ങണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 70 ലക്ഷമായിരുന്നു കണക്ക്. കെട്ടിവയ്ക്കാനുള്ള തുകയായ 25,000 രൂപ പോലും ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിക്കുന്ന ചെലവിൽ നിന്ന് അധികമായി തുക ചെലവഴിക്കുന്നത് അഴിമതിയാണ്. ഇനി തെറ്റായ കണക്ക് എഴുതിയത് പിടിക്കപ്പെട്ടാൽ വിജയം തന്നെ മരവിപ്പിച്ചേക്കാം, മത്സരിക്കുന്നതിൽ വിലക്കു വരാം, ജയിൽ ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകളും ഉണ്ട്.
സൂക്ഷിക്കുക, നിങ്ങൾ നിരീക്ഷണത്തിലാണ്
സ്ഥാനാർഥികൾ എല്ലാ കണക്കും കൃത്യമായി സമർപ്പിക്കണം. ഇവ നിരീക്ഷിക്കാൻ എല്ലാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണസംവിധാനം സജീവമായിട്ടുണ്ട്. പ്രചാരണപരിപാടികൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിഡിയോ വിഭാഗം കൃത്യമായി പകർത്തുന്നുണ്ട്. ഓരോ ദിവസവും പകർത്തുന്നത് സിഡിയിലാക്കി മാറ്റി അവ സൂക്ഷ്മമായി നിരീക്ഷിക്കാനും സംവിധാനമുണ്ട്. എക്സ്പെൻഡിച്ചർ ഒബ്സർവർ, അസി. ഒബ്സർവർ, വിഡിയോ സർവൈലൻസ് ടീം, വിഡിയോ വ്യൂവിങ് ടീം, കൺട്രോൾ റൂം ആൻഡ് കോൾ സെന്റർ, അക്കൗണ്ടിങ് ടീം, ഫ്ലയിങ് സ്ക്വാഡ്, എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഉദ്യോഗസ്ഥർ ഇതിനോടകം പ്രവർത്തനം സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് വിഭാഗത്തിന്റെ കണക്കും സ്ഥാനാർഥിയുടെ കണക്കും ഒത്തു പോകണം. ഏതെങ്കിലും തരത്തിൽ സംശയം ഉന്നയിച്ചാൽ വിശദീകരണം നൽകണം.
കാലിച്ചായയ്ക്ക് പോലും കണക്കുണ്ട്
തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ട് ഓരോന്നിനും നിരക്കു നിശ്ചയിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് 50 രൂപയും ഉച്ചഭക്ഷണത്തിന് 75 രൂപയും രാത്രി ഭക്ഷണത്തിന് 65 രൂപയുമാണ് നിരക്ക്. ഒരു ചതുരശ്രഅടി ചുമരെഴുതാൻ പത്തു രൂപയാണ് നിരക്ക്. പ്രചാരണത്തിന് ഉപയോഗിക്കുന്ന കസേര ഒന്നിന് ഏഴ് രൂപയാണ് നിശ്ചയിച്ച വാടക. വിഐപി ചെയറിന് 50 രൂപയും മേശയ്ക്ക് 40 രൂപയുമാണ്. ട്യൂബ് ലൈറ്റിന് 25 രൂപയും. അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും പ്രസാധകന്റെ പേരും വിലാസവും അച്ചടിച്ച എണ്ണവും വേണം. ഇവയെല്ലാം ഷാഡോ ഒബ്സർവർമാർ നിരീക്ഷിക്കും. ബാനർ, കമാനം, വാഹനങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, സ്റ്റേജ് നിർമാണം തുടങ്ങി 115 ഇനം ചെലവുകൾക്കുള്ള നിരക്കുകൾ രാഷ്ട്രീയപാർട്ടികളുമായി ചർച്ച ചെയ്താണു തീരുമാനിച്ചിട്ടുള്ളത്.