പൂരം പോലെ, വേല പോലെ ആഘോഷിക്കണം തിരഞ്ഞെടുപ്പും

Mail This Article
പാലക്കാട്∙ പൂരം പോലെ, വേല പോലെ ആഘോഷിക്കണം തിരഞ്ഞെടുപ്പും എന്നു യുവാക്കൾ. വർഷത്തിലൊരിക്കലുള്ള പൂരത്തിനു നിവൃത്തിയുണ്ടെങ്കിൽ ആരും പോകാതിരിക്കില്ല.അപ്പോൾ, അഞ്ചുവർഷത്തിലൊരിക്കലെത്തുന്ന ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പിലും എല്ലാവരും പങ്കെടുക്കണം. ആഘോഷമായി വോട്ടുചെയ്യണം. സഹപാഠികളെയും കൂട്ടുകാരെയുംകൊണ്ടു വോട്ടു ചെയ്യിക്കണം. തിരഞ്ഞെടുപ്പിന്റെ ഗൗരവം പ്രചരിപ്പിക്കണം.തിരഞ്ഞെടുത്ത യുവ വോട്ടർമാർക്കു ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) എന്നിവ സംയുക്തമായി നടത്തിയ സംവാദമത്സരത്തിലാണു തിരഞ്ഞെടുപ്പിനോടുള്ള സമീപനം അവർ വ്യക്തമാക്കിയത്.
യുവാക്കളുടെ ജനാധിപത്യ ബോധം സാമൂഹിക മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നുണ്ടോ എന്ന വിഷയത്തിലായിരുന്നു സംവാദം.മത്സരത്തിൽ പാലക്കാട് ഗവ വിക്ടോറിയ കോളജ് വിദ്യാർഥികളായ എസ്. അശ്വനി, കെ.എസ് സുകില എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് മേഴ്സി കോളജിലെ ആർ. വൈഷ്ണവി, എ.എസ് ശാലിനി എന്നിവർക്കാണു രണ്ടാംസ്ഥാനം. ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് നോഡൽ ഓഫിസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉഷ മാനാട്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംവാദം.ജേതാക്കൾക്കു ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര പുരസ്കാരം സമ്മാനിച്ചു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് അസിസ്റ്റന്റ് കലക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.കൊല്ലങ്കോട് ബ്ലോക്ക് എബിപി ഫെലോ റിയ ടോമി, ഡിസിവൈഐപി ഇന്റേൺമാരായ പി. ജിജിത്ത്, എം. ഹമീദ്, ഡിസിവൈഐപി ട്രെയിനി ജെ.ഹരികൃഷ്ണൻ, കെവൈഎൽഎ ഫെലോ പി. അഞ്ജിത, ഐഇസി ഇന്റേൺ പി.വി വിജിത എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.