ADVERTISEMENT

പാലക്കാട് ∙ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിക്കു പിന്തുണയുമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാനത്ത് 168 സബ് ജില്ലകളിലായി നിർമിക്കുന്നത് 336 സ്നേഹാരാമങ്ങൾ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. സ്റ്റേഡിയം സ്റ്റാൻഡിനു സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണു നഗരസഭയുടെ അനുമതിയോടെ കെഎസ്ടിഎ സ്നേഹാരാമം പദ്ധതി നടപ്പാക്കിയത്. ഇവിടത്തെ വലിയ മരത്തിനു ചുവട്ടിൽ തറ കെട്ടി ഇരിക്കാൻ സൗകര്യമൊരുക്കി.

 ഇരുമ്പുവേലിയും ഗേറ്റും സ്ഥാപിച്ചു. വേലിക്കു ചുറ്റും ഉള്ളിലായി അലങ്കാരച്ചെടികളും സ്ഥാപിച്ചു. ഒപ്പം ‘ലവ് യു പാലക്കാട്’ എന്ന സെൽഫി കോർണറും സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുൻപു തന്നെ ലവ് യു പാലക്കാടിനോടൊപ്പം സെൽഫിയെടുക്കാൻ നവ ദമ്പതികൾ എത്തി. സംഘടനാ ഭാരവാഹികൾ സന്തോഷപൂർവം അനുവദിക്കുകയും ചെയ്തു. 

പദ്ധതി നന്നായി പരിപാലിക്കണമെന്ന് ഉപദേശിച്ച മന്ത്രി ചെറിയൊരു സ്റ്റേജ് കൂടി സ്ഥാപിച്ചാൽ ചർച്ചകളും സാംസ്കാരിക സായാഹ്നങ്ങളും നടത്താമെന്നും നിർദേശിച്ചു. നാടിനെ മാലിന്യമുക്തമാക്കുന്നതിന് എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം. കുറച്ചു പേർ മാലിന്യം നീക്കുക, അവിടെപ്പോലും മറ്റു ചിലർ മാലിന്യം തള്ളുക എന്ന സ്ഥിതിയുണ്ട്. ഇത്തരം നിലപാടുകൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സെൽഫി കോ‍ർണർ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷനായി. നഗരസഭാംഗം അനുപമ പ്രശോഭ്, എഫ്എസ്ഇടിഒ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാ‍ർ, കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ.ബദറുന്നീസ, വൈസ് പ്രസിഡന്റ് എം.എ.അരുൺകുമാർ, സെക്രട്ടറി എം.കെ.നൗഷാദലി, ജില്ലാ പ്രസിഡന്റ് കെ.അജില, സെക്രട്ടറി എം.ആർ.മഹേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.  

പേരിട്ടത് മന്ത്രി ആർ.ബിന്ദു
സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കി അവിടെ പൂച്ചെടികളും മറ്റും വച്ചുപിടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് സ്നേഹാരാമം എന്ന പേരു നിർദേശിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. മന്ത്രി എം.ബി.രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. 

ഓപ്പൺ ജിം ഉടൻ ആരോഗ്യം വീണ്ടെടുക്കും
പാലക്കാട് കോട്ടമൈതാനത്തെ ഓപ്പൺ ജിം ഇപ്പോൾ ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണെന്നും ഇതു പരിഹരിക്കണമെന്നും മന്ത്രി എം.ബി.രാജേഷ് ആവശ്യപ്പെട്ടു. നഗരസഭ നന്നായി പരിപാലിച്ചിരുന്നതാണ് ഓപ്പൺ ജിം എന്നും കേടുപാടുകൾ പരിഹരിച്ചു തുടർന്നും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. എം.ബി.രാജേഷ് പാലക്കാട് എംപിയായിരിക്കെയാണ് സംസ്ഥാനത്ത് ആദ്യമായി എംപി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com