ADVERTISEMENT

ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡ് യാർഡിൽ തെറ്റായ ദിശയിലൂടെ മത്സരിച്ചോടിയ സ്വകാര്യ ബസിനടിയിൽപ്പെട്ട് അതിഥിത്തൊഴിലാളിക്കു ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശിയായ നിർമാണത്തൊഴിലാളി അമിനുർ ഷേക്കാണു (29) മരിച്ചത്. ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്തു കൂടി വേഗത്തിൽ അകത്തേക്കു പാഞ്ഞ ബസ് യുവാവിനെ 20 മീറ്ററോളം വലിച്ചിഴച്ചു. പിൻചക്രത്തിനടിയിൽ നിന്നാണ് അമിനുറിനെ പുറത്തെടുത്ത്. 

 ഗുരുവായൂർ– പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നാഷ ബസാണ് ഇന്നലെ വൈകിട്ട് ആറോടെ അപകടമുണ്ടാക്കിയത്. യാർഡിൽ ബസുകൾ പോകാൻ വേർതിരിച്ചിട്ടുള്ള മീഡിയനുകൾ അവഗണിച്ചാണു ബസ് തെറ്റായ ദിശയിലൂടെ വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നു വിവരമുണ്ട്. അമിനൂർ അഞ്ചു മിനിറ്റോളം ചക്രത്തിനടിയിൽ കുരുങ്ങിക്കിടന്നു.

സുരക്ഷ പരിമിതം
ഒറ്റപ്പാലം ∙ സ്ഥലപരിമിതി ഒട്ടുമില്ല ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ, എന്നാൽ സുരക്ഷാക്രമീകരണം പരിമിതമാണ്. ഒപ്പം, ബസുകളുടെ അമിതവേഗം കൂടിയാകുമ്പോൾ യാത്രക്കാർക്കു ഭയമാണ്.ബസ് ബേകളിൽ ബസുകൾ നിർത്തിയിടുന്നതു പുനഃക്രമീകരിക്കുന്നതു സംബന്ധിച്ചു 2 മാസം മുൻപാണു നഗരസഭാ ഓഫിസിൽ പൊലീസ്, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസുടമകളും ജീവനക്കാരും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്നത്.

തർക്കിച്ച് എങ്ങുമെത്തിയില്ലെങ്കിലും അമിത വേഗം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ നടപടി കർശനമാക്കാൻ തീരുമാനിച്ചു. അതും പാഴായെന്ന് ഇന്നലെ ബോധ്യമായി. സ്റ്റാൻഡിനുള്ളിൽ ബസുകളുടെ അമിത വേഗത്തിനെതിരെ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പാകാൻ വൈകുന്നു. സ്പീഡ് ബ്രേക്കർ പോലുള്ള താൽക്കാലിക ക്രമീകരണങ്ങൾ പോലും നടപ്പായില്ല. 

സ്റ്റാൻഡിനുള്ളിൽ മത്സരയോട്ടം
ഒറ്റപ്പാലം ∙ നഗരാതിർത്തി വരെ ഒച്ചിഴയും വേഗത്തിൽ വരും. നഗരത്തിലും സ്റ്റാൻഡിനുള്ളിലും മത്സരിച്ചോടും. ഒറ്റപ്പാലം വഴി സർവീസ് നടത്തുന്ന ചില ദീർഘദൂര സ്വകാര്യ ബസുകളെക്കുറിച്ചു ആക്ഷേപമാണിത്. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള ചില ദീർഘദൂര ബസുകൾ വാണിയംകുളം പിന്നിടുന്നതു വരെ വേഗം കുറച്ചു വരുന്നതാണു രീതി. കിഴക്കു ഭാഗത്തു നിന്നുള്ള ചിലബസുകളാണെങ്കിൽ ഈസ്റ്റ് ഒറ്റപ്പാലം വരെയും ഒച്ചിഴയും വേഗത്തിലാകും. പിന്നെ ഒരു പോക്കാണ്. നഗരത്തിൽ ഗതാഗതക്കുരുക്കാണെങ്കിൽ പോലും നിരതെറ്റിച്ചു മറുവശത്തു കൂടി പരമാവധി വേഗത്തിൽ എത്താനാകും ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com