ADVERTISEMENT

പാലക്കാട് ∙ പാർട്ടി ചിഹ്നം സംരക്ഷിക്കാനല്ല, ബിജെപി ഭരണം മൂലം തകർന്ന രാജ്യം സംരക്ഷിക്കാനാണു സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുമായ എ.വിജയരാഘവൻ. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ ഒരു പ്രസംഗം ദുർവ്യാഖ്യാനം ചെയ്താണു ചിലർ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ശരിയായ രാഷ്ട്രീയവും കാഴ്ചപ്പാടുമായാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്നും മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനത പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്തുകൊണ്ടാണു പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നത്?
ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. അതാണ് സ്ഥാനാർഥിയെന്ന നിലയിൽ എന്റെ ആത്മവിശ്വാസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില ഇടതുകോട്ട ഭദ്രമെന്നു പറയുന്നു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനം മറുപടി നൽകും. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ചിത്രം മോശമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചു. സമ്പന്നർ മാത്രം മുന്നിലേക്കു പോകുന്നു. ഈ അവസ്ഥ മാറണമെന്നു ജനം ആഗ്രഹിക്കുന്നു

സിപിഎമ്മും കോൺഗ്രസും ഇന്ത്യാ മുന്നണിയുടെ ഭാഗമായി ദേശീയതലത്തിൽ ബിജെപിക്കെതിരെ ഒരുമിച്ചു പോരാടുന്നു. പക്ഷേ, ഇടതുപക്ഷത്തിന്റെ വിജയമാണ് ഇവിടെ വേണ്ടതെന്നു പറയാനുള്ള കാരണം ?
ബിജെപിക്കെതിരെ വ്യക്തമായ നിലപാടുമായി തുടർച്ചയായി പോരാടുന്നത് ഇടതുപക്ഷമാണ്. കാലുമാറ്റക്കാരായ കോൺഗ്രസിനെ നമ്പാൻ കഴിയില്ല. കേരളത്തിലെ കോൺഗ്രസുകാർക്കു നരേന്ദ്ര മോദിയെക്കാൾ വലിയ ശത്രു പിണറായി വിജയനാണ്. ഇടതുപക്ഷം ഉണ്ടെങ്കിലേ വ്യക്തതയുള്ള നിലപാട് ഉണ്ടാവുകയുള്ളൂ. മതനിരപേക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണുള്ളത്. 

ലോക്സഭാ തിരഞ്ഞെടു പ്പു ഫലം രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ വിലയിരുത്തലാകുമോ ?
രാജ്യത്തെ തകർക്കുന്ന നരേന്ദ്ര മോദിക്കെതിരായ ജനവിധി ഇത്തവണ ഉണ്ടാകും. പിണറായി വിജയൻ സർക്കാർ നിലനിൽക്കണമെന്ന ജനങ്ങളുടെ താൽപര്യത്തിന്റെ അഭിപ്രായപ്രകടനവും ആകും.

നെല്ലുസംഭരണം, ക്ഷേമപെൻഷൻ വൈകൽ, വന്യമൃഗശല്യം പോലുള്ള വിഷയങ്ങൾ ഇടതുപക്ഷത്തിനു തിരിച്ചടിയാകുമോ?
കേന്ദ്രസർക്കാർ എല്ലാ തരത്തിലും സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ്. പക്ഷേ, അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഇടപെടൽ നടത്തിയത് ഇടതു സർക്കാരാണ്. ഈ പറഞ്ഞ പ്രശ്നങ്ങൾ പകുതിയും സംസ്ഥാന സർക്കാർ പരിഹരിച്ചു കഴിഞ്ഞു. നെല്ലിന്റെ പ്രശ്നം ഇല്ല. പണം കൊടുത്തു. ഇനിയുള്ള വിതരണം വേഗത്തിലാക്കും. വന്യമൃഗശല്യത്തിനെതിരെ ക്രിയാത്മക ഇടപെടൽ നടത്തി. മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com